മയക്കുമരുന്ന് നൽകി അസോസിയേഷന്‍ ആസ്ഥാനത്തും കുട്ടികളെ പീഡിപ്പിച്ചിരുന്നു, കെസിഎ പരിശീലകന്‍ മനുവിനെതിരെ കൂടുതൽ ആരോപണങ്ങൾ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലകന്‍ മനുവിനെതിരെ കൂടുതൽ ആരോപണങ്ങൾ. അസോസിയേഷന്‍ ആസ്ഥാനത്തും ക്രിക്കറ്റ് കളിക്കാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നു വെളിപ്പെടുത്തല്‍.

മയക്കുമരുന്ന് നൽകി ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചിരുന്നുവെന്നും സെലക്ഷൻ നൽകാൻ പണം ആവശ്യപ്പെടാറുണ്ടായിരുന്നുവെന്നും രക്ഷിതാക്കൾ പറയുന്നു.

ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത മനു റിമാന്‍ഡിലാണ്. ആറു പോക്സോ കേസുകളാണ് പൊലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

രണ്ടു കേസുകളിൽ പൊലീസ് നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു. മനുവിനെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും കെസിഎയില്‍ നിന്ന് ഒരാള്‍ പോലും കാര്യങ്ങള്‍ വിളിച്ചു തിരക്കിയിട്ടില്ലെന്നും ഇരകളുടെ കുടുംബം പറയുന്നു. പരിശീലനത്തിനിടെ മകളോട് ലൈംഗിക കാര്യങ്ങള്‍ സംസാരിച്ചുവെന്ന് ഇരകളില്‍ ഒരാളുടെ പിതാവ് പരാതി ഉന്നയിച്ചു. കെസിഎയിലെ നെറ്റ്സ് പ്രാക്ടീസിനിടെ പരുക്കു പറ്റിയപ്പോഴും അതിക്രമം തുടര്‍ന്നു.