അണ്ണാറക്കണ്ണാ വാ, ചങ്ങാത്തം കൂടാൻ വാ, അണ്ണാൻ കുഞ്ഞിനൊപ്പം ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന്റെ ചിത്രം വൈറൽ

ഗാനഗന്ധർവൻ കെ.ജെ. യേശുദാസ് അണ്ണാൻ കുഞ്ഞിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അമേരിക്കയിലെ നോർത്ത് അരിസോണയിലെ ഗ്രാൻഡ്കാനിയൻ നാഷണൽ പാർക്കിലാണ് ഈ ചിത്രം പകർത്തിയിരിക്കുന്നത്. യേശുദാസ് അണ്ണാറക്കണ്ണനെ താലോലിക്കുന്ന ചിത്രമാണ് ഇത്. യേശുദാസ് സുഹൃത്തുക്കൾ ക്ക് അയച്ച വീഡിയോയിൽ നിന്നുമുള്ള ദൃശ്യമാണ് പുറത്തുവന്നിട്ടുള്ളത്.

കുറച്ചു വർഷങ്ങളായി ഗാനഗന്ധർവൻ കെ.ജെ. യേശുദാസ് മകനൊപ്പം അമേരിക്കയി ലാണ് താമസം. ഡാലസിലുള്ള മകന്റെ വീട്ടിൽ വിശ്രമജീവിതത്തിലാണ് യേശുദാസ്. ഗായകൻ വിജയ് യേശുദാസ് ഉൾപ്പെടെ മൂന്നു മക്കളാണ് കെ.ജെ. യേശുദാസ്, പ്രഭ ദമ്പതികൾക്കുള്ളത്. വിനോദ്, വിശാൽ എന്നിവരാണ് മറ്റു രണ്ടുപേർ. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷം അദ്ദേഹം നാട്ടിലേക്ക് വന്നിരുന്നില്ല.

വിദേശത്തായാലും അദ്ദേഹം സുഖമായി ഇരിക്കുന്നു എന്നതിന് തെളിവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഈ ചിത്രം പറയുന്നത്. അദ്ദേഹത്തിന്റെ ഫാൻസ്‌ പേജിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. തിരുവനന്തപുരം ആസ്ഥാനമായി നടക്കാറുള്ള സൂര്യ മേളയിൽ യേശുദാസിന്റെ സാന്നിധ്യം എടുത്തുപറയേണ്ട ഒന്നാണ്. തുടക്കം മുതൽ യേശുദാസിന്റെ കച്ചേരി ഒരിക്കൽപ്പോലും മുടങ്ങിരുന്നില്ല. എന്നാൽ കോവിഡ് ബാധയെത്തുടർന്ന് നേരിട്ടെത്തി പരിപാടി അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. കോവിഡ് ഭീതി ഒഴിഞ്ഞ ശേഷമുള്ള മേളയിൽ അദ്ദേഹത്തിന്റെ കച്ചേരി ഉൾപ്പെടുത്തിയിരുന്നെങ്കിലും എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് മൂലം ആ പരിപാടി മാറ്റിവെക്കുകയായിരുന്നു.