പോലീസ് എന്ന വ്യാജേന ഹോസ്റ്റലില്‍ കയറി മോഷണം നടത്തിയ നാലംഗ സംഘം പിടിയില്‍

കൊച്ചി. പോലീസ് സ്‌ക്വാഡ് എന്ന വ്യാജേന കൊച്ചിയിലെ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയ നാല് പേര്‍ പോലീസ് പിടിയില്‍. സംഭവത്തില്‍ നിയമവിദ്യാര്‍ഥിനിയും സുഹൃത്തുക്കളുമാണ് പോലീസ് പിടിയിലായത്. മോഷണത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ പോലീസ് സാഹസികമായി തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ നിന്നും പിടിക്കുകയായിരുന്നു.

ഇവര്‍ അഞ്ച് മൊബൈല്‍ ഫോണുകളും സ്വര്‍ണമാലയും, മോതിരവും കവര്‍ന്നെന്നാണ് കേസ്. കഴിഞ്ഞ മാസം 15ന് രാത്രി 12നായിരുന്നു ആക്രമണം. എറണാകുളം സൗത്ത് പോലീസ് പരിധിയിലെ മുല്ലയ്ക്കല്‍ റോഡിലെ ഹോസ്റ്റലിലാണ് സംഘം മാരകായുധങ്ങളുമായി എത്തിയത്.

കേസില്‍ സെജിന്‍ പയസ്, കയിസ് മജീദ്, ജയ്‌സണ്‍ ഫ്രാന്‍സിസ്, മനു മധു എന്നിവരാണ് പോലീസ് പിടിയിലായത്.