തരംതാഴ്ത്തിയെന്ന് വിലയിരുത്തല്‍; നിയമനത്തിന് തൊട്ടുപിന്നാലെ സ്ഥാനം രാജിവച്ച് ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നിര്‍ണായക സ്ഥാനത്ത് നിയമിതനായതിനു തൊട്ടുപിന്നാലെ സ്ഥാനം രാജിവച്ച് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. പാര്‍ട്ടി ദേശീയ നേതൃത്വവുമായി ഏറെനാളായി ഭിന്നതയില്‍ കഴിയുന്ന ഗുലാം നബി ആസാദ് ജമ്മു കശ്മീരിലെ പാര്‍ട്ടി പ്രചാരണ സമിതി അധ്യക്ഷസ്ഥാനമാണ് നിയമനത്തിനു തൊട്ടുപിന്നാലെ രാജിവച്ചത്. ജമ്മു കശ്മീര്‍ രാഷ്ട്രീയകാര്യ സമിതിയില്‍നിന്നും ആസാദ് രാജിവച്ചു.

കോണ്‍ഗ്രസിന്റെ അഖിലേന്ത്യ രാഷ്ട്രീയകാര്യ സമിതിയില്‍ അംഗമായ ആസാദിനെ ജമ്മു കശ്മീര്‍ രാഷ്ട്രീയകാര്യ സമിതിയില്‍ നിയമിച്ചത് തരംതാഴ്ത്തലായാണ് കണക്കാക്കുന്നതെന്ന് ആസാദിനോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.ജമ്മു കശ്മീരില്‍ സമ്പൂര്‍ണ അഴിച്ചുപണിയുടെ ഭാഗമായാണ് ഗുലാം അഹമ്മദ് മിറിന് പകരം വികാര്‍ റസൂല്‍ വന്നിയെ പിസിസി അധ്യക്ഷ സ്ഥാനത്ത് പാര്‍ട്ടി നിയമിച്ചത്. ഒപ്പം പ്രചാരണ സമിതി, രാഷ്ട്രീകാര്യ സമിതി, അച്ചടക്ക സമിതി, തിരഞ്ഞെടുപ്പ് സമിതി തുടങ്ങിയവയ്ക്കും സോണിയ ഗാന്ധി രൂപം നല്‍കിയിരുന്നു.