താര ഡബിള്‍ ബെല്‍ അടിച്ചു, ഗിരി വളയം പിടിച്ചു, ലോക്ക്ഡൗണില്‍ പ്രണയം വിരിയിച്ച നവദമ്പതിമാര്‍ വീണ്ടും ജോലിയില്‍

ഹരിപ്പാട്: ലോക്ക്ഡൗണ്‍ കാലത്താണ് ഗിരി ഗോപിനാഥും താരയും തങ്ങളുടെ പ്രണയം സഫലമാക്കിയത്. 20 വര്‍ഷം നീണ്ട പ്രണയത്തിന് ഒടുവില്‍ ആയിരുന്നു ലോക്ക് ഡൗണ്‍ കാലത്ത് ഇരുവരും വിവാഹിതരായത്. ഒടുവില്‍ ലോക്ക് ഡൗണിന് ഇളവ് ലഭിച്ചപ്പോള്‍ നവദമ്പതികളായ ഇരുവരും ജോലി ആരംഭിച്ചു. താര ഡബിള്‍ ബെല്‍ അടിച്ചപ്പോള്‍ ഗിരി ബസിന്റെ ഗിയര്‍ മാറ്റി. വെള്ളിയാഴ്ച രാവിലെ ഹരിപ്പാട് നിന്നും ആലപ്പുഴയ്ക്കും തുടര്‍ന്ന് മാവേലിക്കര, എടത്വാ എന്നിവടിങ്ങളിലേക്കും സര്‍വീസ് നടത്തിയ ഓര്‍ഡിനറി ബസിലായിരുന്നു നവദമ്പതികള്‍ ജോലി ചെയ്തത്.

20 വര്‍ഷത്തെ പ്രണയത്തിന് ഒടുവില്‍ ഏപ്രില്‍ അഞ്ചിന് ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. ലോക്ക് ഡൗണ്‍ ആയിരുന്നതിനാല്‍ ആളും ആരവവും ഒന്നും ഇല്ലാതെയായിരുന്നു വിവാഹം. കരുനാഗപ്പള്ളി കലേശ്ശരില്‍ ഭദ്രകാളി ക്ഷേത്രത്തില്‍ ഏതാനും സുഹൃത്തുക്കളുടെ സാന്നിധ്യത്തിലാണ് ഗിരി താരയുടെ കഴുത്തില്‍ മിന്നു കെട്ടിയത്.

ലോക്ക്ഡൗണ്‍ നിലവില്‍ വന്നതോടെ ബസ് സര്‍വീസ് നിര്‍ത്തി വെച്ചിരുന്നു. ഒടുവില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ എത്തി കഴിഞ്ഞ ദിവസം സര്‍വീസ് പുനരാരംഭിച്ചു. അപ്പോള്‍ തന്നെ ജോലി ചെയ്യാനുള്ള സന്നദ്ധത ഇരുവരും അറിയിക്കുകയായിരുന്നു. ആര്‍.എസ്.എ. 220 ഓര്‍ഡിനറി ബസിലാണ് ഇരുവരും ജോലി തുടങ്ങിയത്. വര്‍ഷങ്ങളായി ഇതേ ബസാണ് ഗിരി ഓടിക്കുന്നത്.

20 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു കരുവാറ്റ വേലഞ്ചിറ തോപ്പില്‍ ഗിരിയും മുതുകുളം സ്വദേശിനിയായ താരയും അടുക്കുന്നത്. 26 വയസായിരുന്നു അന്ന് ഗിരിക്ക് ഉണ്ടായിരുന്നത്. താരക്ക് ആകട്ടെ 24ഉം. എന്നാല്‍ ജാതകത്തിലെ പൊരുത്തക്കേടുകള്‍ കാരണം ബന്ധുക്കള്‍ വിവാഹം എതിര്‍ത്തു. എന്നാല്‍ പിരിയാന്‍ ഇരുവരും ഒരുക്കമായിരുന്നില്ല. ഒന്നാകാന്‍ എത്രകാലം വേണമെങ്കിലും കാത്തിരിക്കാനായിരുന്നു ഇരുവരുടെയും തീരുമാനം.

കെ എസ് ആര്‍ ടിസിയില്‍ ജോലി ലഭിച്ചത് മുതല്‍ ഒരുമിച്ചാണ് ഇരുവരും ജോലി ചെയ്തിരുന്നത്. കോട്ടയം, കരുനാഗപ്പള്ളി റൂട്ടുകളിലായിരുന്നു പലപ്പോഴും ഇരുവരും ഒന്നിച്ച് ജോലി ചെയ്തിരുന്നത്.