15 വയസ്സുകാരിയെ ബന്ധുക്കളായ യുവാക്കള്‍ ക്രൂര പീഡനത്തിനിരയാക്കിയ ശേഷം വിഷം നല്‍കി കൊലപ്പെടുത്തി

ചണ്ഡീഗര്‍: വിദ്യാര്‍ത്ഥിനിയെ ക്രൂര പീഡനത്തിനിരയാക്കിയ ശേഷം വിഷം കൊടുത്തു കൊന്നു. ഒരേ ഗ്രാമത്തിലെയും സമുദായത്തിലേയും പെട്ട മൂന്നു പേരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇതില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത പ്രതി വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ മറ്റു രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇവര്‍ കുട്ടിയുടെ ബന്ധുക്കളുമാണ്.പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറി.

ചൊവ്വാഴ്ചയായിരുന്നു സംഭവം. മാതാപിതാക്കള്‍ തങ്ങളുടെ ധാന്യമില്ലില്‍ പോയ സമയത്ത് പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. ഇതറിയാവുന്ന പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് മൂന്നു പ്രതികളും കുട്ടിയെ പീഡിപ്പിച്ചു.

ഉച്ചഭഷണത്തിന് വീട്ടിലെത്തിയ മാതാപിതാക്കള്‍ കുട്ടിയെ തിരഞ്ഞിട്ടും കണ്ടില്ല. കുറച്ചു കഴിഞ്ഞ് ബന്ധുക്കളായ രണ്ടു പ്രതികളും കുട്ടിയെ വീടിനു സമീപം കൊണ്ടു വന്നാക്കി. ഈ സമയം കുട്ടി അര്‍ധബോധാവസ്ഥയിലായിരുന്നു. അവള്‍ക്ക് വയ്യാതിരുന്നതിനാല്‍ മരുന്നു വാങ്ങി നല്‍കിയതാണെന്നും അതിനാലാണ് മയക്കമെന്നും വീട്ടുകാരോട് പറഞ്ഞു. എന്നാല്‍ വൈകിട്ടായതോടെ സ്ഥിതി വഷളായി. ആശുപത്രിയിലേയ്ക്ക് പോകും വഴി സംഭവങ്ങളെല്ലാം കുട്ടി വീട്ടുകാരോട് പറഞ്ഞു. ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പരിശോധനയില്‍ പീഡനശേഷം വിഷം നല്‍കിയതാണെന്ന് തെളിഞ്ഞു.