മസ്ജിദിൽ പെൺകുട്ടികൾ തനിച്ച് വരരുതെന്ന് ജുമാ മസ്ജിദ് മാനേജ്‌മെന്റ്; കടുത്ത വിമർശനം

ന്യൂഡൽഹി : മസ്ജിദിൽ പെൺകുട്ടികൾക്ക് തനിച്ച് പ്രവേശനം അനുവദിക്കില്ലെന്ന് നോട്ടീസ് നൽകി ഡൽഹി ജുമാ മസ്ജിദ് മാനേജ്‌മെന്റ്. ഇത് സംബന്ധിച്ച് ജുമാമസ്ജിദ് ഭരണസമിതി ഉത്തരവിറക്കുകയും മസ്ജിദിന്റെ ഗേറ്റിൽ ബോർഡ് വയ്‌ക്കുകയും ചെയ്തിട്ടുണ്ട് . മൂന്ന് ഗേറ്റുകളിലും ബോർഡ് സ്ഥാപിച്ചു. ഇറാനിൽ ഉൾപ്പെടെ കടുത്ത മത നിയമങ്ങൾക്കെതിരെയും ഹിജാബ് പോലുളള നിർബന്ധിത വസ്ത്രങ്ങൾക്കെതിരെയും പ്രകടനം നടക്കുന്നതിനിടയിലാണ് രാജ്യത്ത് ഇത്തരമൊരു നീക്കം ഉണ്ടായത്. ഇത് ഒരിക്കലും അംഗീകരിക്കാനാകില്ല.

ഈ ഉത്തരവിനെ മതമൗലികവാദമെന്നു വിശേഷിപ്പിച്ചാണ് വിമർശനം ഉയരുന്നത് . എല്ലാവർക്കും തുല്യാവകാശമുള്ള ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ഇങ്ങനെ പറയാൻ ആർക്കാണ് അവകാശമുള്ളതെന്നും സാമൂഹിക പ്രവർത്തകൻ ഷഹനാസ് അഫ്‌സൽ ചോദിക്കുന്നു . അത്തരമൊരു തീരുമാനം ഭരണഘടന മരവിപ്പിക്കുന്നത് പോലെയാണ്. വിഷയത്തിൽ മുസ്ലീം നാഷണൽ ഫോറം വക്താവ് ഷാഹിദ് സയീദും തീരുമാനത്തെ വിമർശിക്കുകയും ഈ ചിന്താഗതി തെറ്റാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു . ആരാധനാലയം എല്ലാവർക്കും തുറന്നുകൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെ തീരുമാനത്തെ ന്യായീകരിച്ച് മസ്ജിദ് വക്താവ് രംഗത്തെത്തി . നിരവധി ദമ്പതികൾ ജുമാമസ്ജിദിൽ വരുന്നുണ്ട്, അവരുടെ പെരുമാറ്റം മതത്തിന് അനുസരിച്ചല്ല, . ഇതോടൊപ്പം നമസ്‌കാര സ്ഥലത്തെത്തുന്ന ചില യുവതികൾ സമൂഹമാദ്ധ്യമങ്ങളിൽ ഇടാൻ ചിത്രങ്ങൾ പകർത്തുന്നു , ഈ രീതികളൊന്നും ശരിയല്ല . ഇതുമൂലം വിശ്വാസികൾ ബുദ്ധിമുട്ടുന്നതായും അദ്ദേഹം പറഞ്ഞു. വീഡിയോ എടുക്കരുതെന്ന് പള്ളിക്കകത്ത് സന്ദേശങ്ങൾ എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അവിവാഹിതരായ പെൺകുട്ടികൾക്ക് മാത്രമേ പള്ളിയിൽ പ്രവേശിക്കാൻ വിലക്കുള്ളൂവെന്ന് ജുമാ മസ്ജിദ് അഡ്മിനിസ്ട്രേഷൻ അംഗം സബിയുള്ള പറഞ്ഞു . അതേസമയം ഉത്തരവിനെ എതിർത്ത് വിശ്വ ഹിന്ദു പരിഷത്തും രംഗത്ത് വന്നു. പെൺകുട്ടികളെ കറുത്ത ചാക്കിൽ സൂക്ഷിക്കുന്ന ജിഹാദി കരാറുകാർ മുസ്ലീം പെൺമക്കളെ വ്യഭിചാരത്തിന്റെ കേന്ദ്രമായി മാറുന്ന മദ്രസകളിലേക്ക് അയയ്‌ക്കണമെന്ന് വാദിക്കുന്നു ,
പക്ഷേ വടിയുമായി പള്ളികളുടെ കവാടത്തിൽ നിൽക്കുന്നുവെന്ന് വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസാലും പറഞ്ഞു.