ഗ്ലോബല്‍ ഫാര്‍മയുടെ കണ്ണില്‍ ഒഴിക്കുന്ന തുള്ളിമരുന്ന് ഒഴിച്ച് മരണം, കാഴ്ച നഷ്ടപെട്ടു, കമ്പനിയിൽ റെയ്ഡ്

ചെന്നൈ . ഇന്ത്യന്‍ നിര്‍മിതമായ ചുമയുടെ മരുന്നിനു പിറകെ കണ്ണിലെ തുള്ളിമരുന്നും നിലവാരമില്ലാത്തതും അപകടകാരിയുമെന്നു പരാതി. യുഎസില്‍ മരുന്ന് ഉപയോഗിച്ചതിനെത്തുടര്‍ന്ന് ഒരാള്‍ മരിക്കുകയും ഒരാള്‍ക്കു കാഴ്ച പോവുകയും ചെയ്‌തെന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട്. സംഭവത്തോടെ ചെന്നൈയിലെ ‘ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത് കെയര്‍’ എന്ന മരുന്നുനിര്‍മാണ കമ്പനിയില്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും തമിഴ്‌നാട് ഡ്രഗ് കണ്‍ട്രോളറും വെള്ളിയാഴ്ച അര്‍ധരാത്രി റെയ്ഡ് നടത്തുകയുണ്ടായി.

ഗ്ലോബല്‍ ഫാര്‍മയുടെ ‘എസ്രികെയര്‍ ആര്‍ട്ടിഫിഷ്യല്‍ ടിയേഴ്‌സ് ലൂബ്രിക്കന്റ് ഐ ഡ്രോപ്‌സ്’ ഉപയോഗിച്ചതിനാൽ ഒരുമരണം ഉള്‍പ്പെടെ ഉണ്ടായെന്നാണ് യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. കാഴ്ച നഷ്ടപ്പെടല്‍ എന്നിവയടക്കം 55ഓളം സംഭവങ്ങള്‍ മരുന്നിനെപ്പറ്റി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും യുഎസ് അധികൃതര്‍ പറയുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കണ്ണുകളിലെ വരള്‍ച്ച തടയുന്നതിനായും കൃത്രിമ കണ്ണീര്‍ വരുന്നതിനായും ഉപയോഗിക്കുന്ന മരുന്നാണിത്.

ഗ്ലോബല്‍ ഫാര്‍മ വിവാദമായ തുള്ളിമരുന്ന് അമേരിക്കന്‍ വിപണിയില്‍നിന്ന് ഉടനടി പിന്‍വലിച്ചിട്ടുണ്ട്. കമ്പനിയില്‍ വെള്ളിയാഴ്ച രാത്രി നടന്ന പരിശോധനയില്‍ യു.എസിലേക്ക് അയച്ച തുള്ളിമരുന്നുകളുടെ സാമ്പിളുകള്‍ ശേഖരിച്ചതായി തമിഴ്‌നാട് ഡ്രഗ് വകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ ഡ്രഗ് വകുപ്പ് സര്‍ക്കാരിന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.