‘ഗോബാക്ക് അമിത് ഷാ’ ഹാഷ്ടാഗ് സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആകുന്നു

കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ ചെന്നൈയിലെത്തിയത് മുതല്‍ ‘ഗോബാക്ക് അമിത് ഷാ’ ഹാഷ്ടാഗ് സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആകുകയാണ്. അമിത് ഷാ ചെന്നെയില്‍ എത്തുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ട്വിറ്ററില്‍ ഗോബാക്ക് ഹാഷ്ടാഗുകള്‍ പ്രചരിച്ചു തുടങ്ങി. ആഭ്യന്തര മന്ത്രിയുടെ ചെന്നൈ സന്ദര്‍ശനത്തോടെ സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഹാഷ്ടാഗ് ഗോബാക്ക് അമിത് ഷാ എന്നാണ്. ഈ ഹാഷ്ടാഗ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആകുകയാണ്.

വെള്ളിയാഴ്ച മുതല്‍ തന്നെ ഗോബാക്ക് അമിത് ഷാ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി മാറിയിരുന്നു. നാല് ലക്ഷത്തിന് മുകളില്‍ ട്വീറ്റുകളാണ് ഈ ഹാഷ്ടാഗില്‍ വന്നിട്ടുള്ളത്. അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കള്‍ തമിഴ്‌നാട് സന്ദര്‍ശിക്കുന്ന സമയത്തെല്ലാം ഇതുപോലുള്ള പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ട്.

അതേസമയം അമിത് ഷായ്‌ക്കെതിരെ പ്ലക്കാര്‍ഡ് എറിഞ്ഞയാള്‍ ചെന്നൈ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചെന്നൈ സ്വദേശിയായ ദുരൈരാജ് എന്ന 67കാരനാണ് പിടിയിലായത്. അമിത് ഷാ വാഹനവ്യൂഹത്തില്‍ നിന്നിറങ്ങി ജിഎസ്ടി റോഡിലൂടെ നടക്കുമ്പോഴാണ് ഇയാള്‍ ഗോ ബാക്ക് അമിത്ഷാ എന്നെഴുതിയ പ്ലക്കാര്‍ഡ് എറിഞ്ഞത്. വിമാനത്താവളത്തിന് പുറത്തുള്ള തിരക്കേറിയ ജിഎസ്ടി റോഡില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് അനുയായികളെ അഭിവാദ്യം ചെയ്യാനായി നടക്കവേയാണ് അമിത് ഷായ്ക്ക് അപ്രതീക്ഷിത പ്രതിഷേധം നേരിടേണ്ടി വന്നത്. നടപ്പാതയ്ക്ക് സമീപം തടിച്ചുകൂടിയവര്‍ക്കിടയില്‍ നിന്നാണ് ബാരിക്കേഡുകള്‍ക്ക് മുകളിലൂടെ ദുരൈരാജ് പ്ലക്കാര്‍ഡ് എറിഞ്ഞത്. അംഗരക്ഷകര്‍ തടഞ്ഞതിനാല്‍ പ്ലക്കാര്‍ഡ് അമിത്ഷായുടെ ദേഹത്ത് തട്ടിയില്ല.

ഉച്ചയ്ക്ക് 1.40 ഓടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈയില്‍ എത്തിയത്. ചെന്നൈയിലെത്തിയ അമിത് ഷായെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം, ബിജെപി നേതാക്കള്‍ എന്നിവര്‍ സ്വീകരിച്ചു. വിമാനത്താവളത്തില്‍ നിന്ന് പുറത്തെത്തിയ അമിത് ഷാ വാഹനത്തില്‍ നിന്ന് നിന്നിറങ്ങി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. തമിഴ്‌നാട്ടിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ചര്‍ച്ചകളായിട്ടാണ് അമിത് ഷാ ചെന്നൈയില്‍ എത്തുന്നത്.

തമിഴ് ചലച്ചിത്ര താരം രജനികാന്തുമായുള്ള അമിത്ഷായുടെ കൂടിക്കാഴ്ച നീണ്ടുപോയേക്കുമെന്നാണ് വിവരം. എപ്പോഴാണ് കൂടിക്കാഴ്ചയുണ്ടാവുക എന്നത് സംബന്ധിച്ച് ഇരുരുടേയും ഓഫീസുകള്‍ ഇതുവരെ സ്ഥിരീകരണം ഇതുവരെ നല്‍കിയിട്ടില്ല. അതേസമയം തമിഴ് ചലച്ചിത്ര താരം രജനികാന്തിനെ ബി.ജെ.പിയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രജനീകാന്തുമായി കൂടിക്കാഴ്ച നടത്തുക എന്നാണ് വിവരം.

സംസ്ഥാനത്തെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം അമിത് ഷാ നിര്‍ണായക രാഷ്ട്രീയ യോഗങ്ങളില്‍ പങ്കെടുക്കും. ബിജെപി യോഗത്തിന് ശേഷം അമിത് ഷാ പങ്കെടുക്കുന്ന എന്‍ഡിഎ യോഗത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ സ്റ്റാലിനുമായി ഇടഞ്ഞുനില്‍ക്കുന്ന അളഗിരി അമിത് ഷാ യുമായി നാളെ കൂടിക്കാഴ്ച നടത്താനാണ് സാധ്യത.