കാഴ്ച പരിമിതികളെ നോക്കുകുത്തിയാക്കി ഗോകുല്‍ നേടിയത് സിവില്‍ സര്‍വീസില്‍ മികച്ച വിജയം

എന്തെങ്കിലും ഒരു ചെറിയ പരിമിതകള്‍ ഉണ്ടാകുമ്പോള്‍ തന്നെ ജീവിതം തന്നെ അവസാനിച്ചു എന്ന് കരുതുന്നവരാണ് പലരും. എന്നാല്‍ ഇത്തരത്തില്‍ ശരീരത്തിനുണ്ടാകുന്ന ആഘാതങ്ങള്‍ മുന്നോട്ട് പോകാനുള്ള വഴിക്ക് യാതൊരു തടസവും അല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഗോകുല്‍. കാഴ്ച പരിമിതികളെ മറികടന്നുകൊണ്ടാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഗോകുല്‍ വിജയം സ്വന്തമാക്കിയത്. 804-ാം റാങ്ക് ആണ് ഗോകുല്‍ നേടിയത്. എന്‍.സി.സി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥനായ സുരേഷ് കുമാറിന്റെയും കോട്ടണ്‍ഹില്‍ സ്‌കൂളിലെ അധ്യാപികയായ ശോഭയുടെയും ഏക മകനാണ് ഗോകുല്‍.

നിലവില്‍ ‘കാലാവസ്ഥ വ്യതിയാനം ലോക സാഹിത്യത്തില്‍’ എന്ന വിഷയത്തില്‍ സര്‍കലാശാലയില്‍ ഗവേഷണം നടത്തുകയാണ്. ഗവേഷക വിദ്യാര്‍ഥിയായി ചേര്‍ന്നതിനുശേഷമാണ് ഗോകുല്‍ മെയിന്‍ പരീക്ഷ എഴുതിയെടുക്കുന്നതും അഭിമുഖത്തില്‍ പങ്കെടുക്കുന്നതും. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ നിന്നുമാണ് ഗോകുല്‍ ഇംഗ്ലീഷില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയത്.

ഗാകുലിന്റെ പഠനത്തിന് താങ്ങും തണലുമായത് സ്‌ക്രീന്‍ റീഡര്‍ എന്ന സോഫ്‌റ്റ്വെയര്‍ ആയിരുന്നു. സ്‌ക്രീനില്‍ തെളിയുന്ന നോര്‍മല്‍ ടെസ്റ്റ് സോഫ്‌റ്റ്വെയര്‍ വായിച്ചു കൊടുക്കും. അത് വളരെ ഫലപ്രദമായ ഒരു രീതിയാണെന്ന് ഗോകുല്‍ പറയുന്നു. കാഴ്ച പരിമിതിയുള്ളവര്‍ക്ക് സൗജന്യമായി കമ്പ്യൂട്ടറും സോഫ്റ്റ്‌വെയറും നല്‍കണമെന്നാണ് ഗോകുലിന് സര്‍ക്കാറിനോട് പറയാനുള്ളത്. അത് വ്യാപകമായി ചെയ്താല്‍ കാഴ്ച പരമിതിയുള്ളവര്‍ക്ക് രാജ്യത്തിന് വലിയ സംഭാവന ചെയ്യാന്‍ കഴിയുമെന്നും ഗോകുല്‍ പറഞ്ഞു.