അയൽവാസികളുടെ വീടുകളിൽ നിന്നും 50 പവൻ കവർന്നു; പ്രതി പിടിയിൽ

പാലക്കാട്: അയൽവാസികളുടെ വീടുകളിൽ നിന്നും സ്വർണ്ണം കവർന്ന പ്രതി പോലീസ് പിടിയിൽ. പറക്കുന്നം സ്വദേശി ജാഫർ അലിയാണ് അറസ്റ്റിലായത്. അയൽവാസിയായ ബഷീർ, ജാഫർ എന്നിവരുടെ വീടുകളിൽ നിന്ന് 50 പവൻ സ്വർണ്ണമാണ് പ്രതി കവർന്നത്. 2021 സെപ്തംബറിലാണ് ബഷീറിന്റെ വീട്ടിൽ നിന്നും 20 പവനും, ഈ വർഷം ഫെബ്രുവരിയിൽ ജാഫറിന്റെ വീട്ടിൽ നിന്നും 30 പവന്റെ സ്വർണവും ജാഫർ അലി മോഷ്ടിച്ചത്.

മാസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ ജാഫർ അലി ബഷീറിന്റെ ബന്ധുവീട് 27 ലക്ഷം രൂപയ്‌ക്ക് വാങ്ങി. പിന്നീട് നാല് ലക്ഷം രൂപയ്‌ക്ക് നവീകരണ പ്രവർത്തനങ്ങളും നടത്തി. സാമ്പത്തികമായി അൽപ്പം പിന്നിലായിരുന്നു ജാഫർ അലി.

എന്നാൽ പെട്ടെന്ന് ഇയാൾക്കുണ്ടായ സാമ്പത്തിക അഭിവൃദ്ധി സമീപവാസികളിൽ ചിലരിൽ സംശയമുണ്ടാക്കി. ഇതോടെ വിവരം പോലീസിനെ അറിയിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. തുടർന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.