നയതന്ത്ര ബാഗിൽ കടത്തിയ സ്വർണം ഇ ഡി മലപ്പുറത്ത് പിടികൂടി

മലപ്പുറം. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എം ശിവശങ്കറിന്റെ നേതൃത്വത്തിൽ നയതന്ത്ര സ്വർണക്കടത്തിലൂടെ കൊണ്ട് വന്ന സ്വർണം മലപ്പുറത്ത് കേസിലെ പ്രതികളിൽ ഒരാൾ നിന്ന് പിടികൂടി. എം ശിവശങ്കറിന്റെ നേതൃത്വത്തിൽ സരിത് പിഎസ്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുടെ അറിവോടെ കൊണ്ട് വന്ന സ്വർണമാണ് ഇതെന്ന് ഇ ഡി സ്ഥിരീകരിച്ചിട്ടുണ്ട്.

മലപ്പുറത്ത് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ കണ്ടെടുത്ത സ്വർണം നയതന്ത്ര സ്വർണക്കടത്തിൽ ഉൾപ്പെട്ടതാണെന്നാണ് ഇഡി വെളിപ്പെടുത്തിയിരിക്കുന്നത്. അബൂബക്കർ പാഴേടത്ത് എന്നയാളുടെ നാല് ജ്വല്ലറികളിലും വീട്ടിലുമാണ് ഇഡി കഴിഞ്ഞ ദിവസം റെയ്‌ഡ്‌ നടത്തിയത്. കോൺസുലേറ്റ് കടത്തിൽ പിടികൂടിയ മൂന്ന് കിലോ സ്വർണം ഇയാളുടേതായിരുന്നു എന്നാണ് ഇ ഡിയുടെ കണ്ടെത്തൽ.

മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ ജ്വല്ലറി ആൻഡ് ഫൈൻ ഗോൾഡ് ജ്വല്ലറിയുടെ പ്രൊമോട്ടറും കോഴിക്കോട് അറ്റ്‌ലസ് ഗോൾഡ് സൂപ്പർ മാർക്കറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഷെയർ ഹോൾഡർമാരിൽ ഒരാളുമായ അബൂബക്കർ പഴേടത്തിന്റെ സ്വകാര്യ കേന്ദ്രത്തിലെ രഹസ്യ അറയിൽ നിന്നാണ് സ്വർണം പിടികൂടിയിരിക്കുന്നത്.

നയതന്ത്ര സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ പിടിച്ചെടുത്ത മൂന്ന് കിലോ സ്വർണം ഇയാളുടേതാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നേരത്തെ ആറ് കിലോ സ്വർണം ഇത്തരത്തിൽ കടത്തിയിരുന്നതായി ഇയാൾ വെളിപ്പെടുത്തിയിരിക്കുന്നത്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ സഹായത്തോടെയാണ് 6 കിലോ സ്വർണം ഇയാൾ കടത്തിയത്. വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറത്തെ ഇയാളുടെ ജ്വല്ലറികളിലും വീട്ടിലും റെയ്ഡ് നടത്തിയത്. തുടർന്ന് കടത്തിക്കൊണ്ടുവന്ന അഞ്ച് കിലോ സ്വർണം പിടിച്ചെടുക്കുകയായിരുന്നു. വീട്ടിൽ രഹസ്യ അറയുണ്ടാക്കി സൂക്ഷിച്ച അഞ്ച് കിലോ സ്വർണമാണ് പിടിച്ചെടുത്തത്. മൂന്നേമുക്കാൽ ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

നയതന്ത്ര സ്വർണക്കടത്ത് കേസുമായി ഈ കേസിന് ബന്ധമുണ്ടെന്ന് ഇഡി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. അബൂബക്കർ പഴേടത്ത് നയതന്ത്ര സ്വർണക്കടത്തിലെ പ്രധാനിയാണെന്നും ഇ ഡി പറയുന്നു. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എം ശിവശങ്കറിന്റെ നേതൃത്വത്തിൽ സരിത് പിഎസ്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർ നടത്തിയ സ്വർണക്കടത്തിലെ ഗുണഭോക്താക്കളിൽ ഒരാൾ ആണ് അബൂബക്കർ പഴേടത്ത് എന്നതും ശ്രദ്ധേയം.