വെട്ടി ഒഴിവാക്കുന്ന ഈ കാട്ടു ചെടിക്ക് ‘പൊന്നും വില’

തൃശ്ശൂര്‍: സാധാരണ പറമ്പുകളില്‍ കാടുപോലെ വളരുന്ന ഈ കാട്ടുപഴത്തിന് കുട്ടികള്‍ക്കിടയില്‍ മാത്രമാണ് ഡിമാന്റ്. എന്നാല്‍ ഇതിന്റെ കയ്പ്പ് രുചി കുട്ടികള്‍ക്കും അപ്രിയമാണ്. യാതൊരു മടിയും കൂടാതെ നമ്മള്‍ മലയാളികള്‍ പറമ്പുകളില്‍ നിന്നും ഈ ചെടിയെ വേരോടെ വെട്ടി കളയാറുമുണ്ട്. എന്നാല്‍ ഈ കുഞ്ഞന്‍ പഴത്തിന്റെ യഥാര്‍ത്ഥ വിലയറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് സകലരും. ഒരു കാട്ടുചെടി പഴത്തിന് വന്‍വിലയാണ് ഇന്ത്യക്ക് പുറത്തെ മാര്‍ക്കറ്റുകളില്‍. ഒരു തേങ്ങയ്ക്കുള്ളതിനേക്കാള്‍ വിലയുണ്ടെന്നത് അതിശയകരമായ കാര്യമല്ല.

നാട്ടിന്‍പുറങ്ങളിലെ സാധാരണമാണ് ഈ ചെടി. ഈ ചെടി അടര്‍ത്തിയെടുത്ത് നെറ്റിയില്‍ ഇടിച്ച് പൊട്ടിച്ച് ശബ്ദമുണ്ടാക്കുന്നത് ഒരു തലമുറയുടെ ഗൃഹാതുരത്വമാണ്. പാഴ്‌ചെടികളുടെ പട്ടികയില്‍ മലയാളി പെടുത്തിയ ഈ ചെടിയുടെ പഴത്തിന് ഒന്നിന് 17 രൂപയാണ് വില! തെക്കന്‍ കേരളത്തില്‍ ഞൊട്ടാഞൊടിയനെന്നും വടക്കന്‍ കേരളത്തില്‍ ഞൊട്ടങ്ങ എന്നും വിളിപ്പെരുള്ള ഈ കാട്ട് ചെടിപഴത്തിന് കേരളത്തില്‍ തന്നെ വിവിധ പേരുകളാണ്.

മൊട്ടാബ്ലി, മുട്ടാംബ്‌ളിങ്ങ,ഞൊറിഞ്ചൊട്ട, മുട്ടമ്ബുളി, ഞൊട്ടയ്ക്ക, നൊട്ടയ്ങ്ങ എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഈ പഴത്തിന്റെ ശാസ്ത്രീയ നാമം ഫൈസിലിസ് മിനിമ എന്നാണ്. ഇംഗ്ലീഷില്‍ ഗോള്‍ഡന്‍ബെറി എന്നാണ് ഇതിനെ വിളിക്കുന്നത്. മഴക്കാലത്താണ് ഈ ചെടി മുളയ്ക്കുന്നതും പൂക്കുന്നതും കായ്ക്കുന്നതും. ഇതിന്റെ പച്ച കയയ്ക്ക് ചവര്‍പ്പാണ്. പഴുത്താല്‍ പുളി കലര്‍ന്ന മധുരമുള്ള രുചിയായിരിക്കും ഇതിന്. വേനല്‍ കാലത്ത് പൊതുവെ ഇതിന്റെ ചെടി കരിഞ്ഞ് പോകും.

യുഎഇയില്‍ 10 എണ്ണത്തിന്റെ ഒരു പാക്കറ്റിന് ഒമ്ബത് ദിര്‍ഹമാണ് വില. എന്നാല്‍, ശരീരവളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും മുതല്‍ വൃക്കരോഗത്തിനും മൂത്ര തടസത്തിനും വരെ ഈ പഴം ഉത്തമമാണ് എന്നാണ് പറയുന്നത്.

അതിനാല്‍ തന്നെ കായികതാരങ്ങള്‍ ഹെല്‍ത്ത് സപ്ലിമെന്റായി ഇത് ഉപയോഗിക്കുന്നു. മലയാളികളില്‍ ഭൂരിപക്ഷത്തിനും ഇതിന്റെ സാമ്പത്തിക ഔഷധ പ്രധാന്യം ഇപ്പോഴും അജ്ഞാതമാണ്. എന്നാല്‍ ഇതിന്റെ കൂടിയ വില പുതിയ സാധ്യതകളാണ് കര്‍ഷകര്‍ക്കും മറ്റും മുന്നില്‍ തുറന്നിടുന്നത്. ഈ ചെടിയുടെ ഉപയോഗം ആയുര്‍വേദത്തില്‍ വ്യക്തമായി പറയുന്നുണ്ട്. പുരാതന കാലം മുതല്‍ ഔഷധ നിര്‍മ്മാണത്തിന് ഇത് ഉപയോഗിക്കുന്നുണ്ട്. കര്‍ക്കടക കഞ്ഞിക്കും ഇത് ഉപയോഗിക്കാറുണ്ട്.