ആര്‍ക്കും ഭാരമാകാന്‍ താനില്ലെന്ന് ധന്യ, കൈക്കൊപ്പം വീല്‍ ചെയറും ചേര്‍ത്ത് പിടിച്ച് ഗോപകുമാര്‍ ധന്യയെ ജീവിതത്തിനൊപ്പം ചേര്‍ത്തു

മൂവാറ്റുപുഴ:ചിലപ്പോഴൊക്കെ ചിലരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളും അത്ഭുതങ്ങളും സംഭവിക്കാന്‍ കാരണമാകുന്നത് അപ്രതീക്ഷിതമായി കടന്നു വരുന്നവരാണ്.അങ്ങനെയാണ് ധന്യ ഗോപിനാഥിന്റെ ജീവിതത്തിലേക്ക് ഗോപകുമാര്‍ കടന്നു വരുന്നത്.വീല്‍ചെയറില്‍ ജീവിതം തള്ളി നീക്കിയിരുന്ന ധന്യക്ക് വിവാഹം എന്നത് ചിന്തിക്കാവുന്നതിനും അപ്പുറമായിരുന്നു.എന്നാല്‍ ഗോപകുമാര്‍ ധന്യയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തി.വീല്‍ ചെയറോടെ ധന്യയെ തന്റെ ജീവിതത്തിലേക്ക് കൂട്ടുകയായിരുന്നു ഗോപകുമാര്‍.ആരക്കുഴ ഇഞ്ചിക്കണ്ടത്തില്‍ ശെല്‍വരാജിന്റെ മകന്‍ ഗോപകുമാറും മൂവാറ്റുപുഴ ഗവ.മോഡല്‍ ഹൈസ്‌കൂളിനു സമീപം പുറമടത്തോട്ടത്തില്‍ ഗോപിനാഥന്റെ മകള്‍ ധന്യയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്.

”ധന്യ പലവട്ടം പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഞാന്‍ വിടാതെ പിന്തുടര്‍ന്നു.ആദ്യം കണ്ടപ്പോള്‍ തോന്നിയ ഇഷ്ടം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ തോന്നിയില്ല.ശാരീരിക പരിമിതികളെ അതിജീവിച്ച കരുത്തും നന്മയും നിറഞ്ഞ മനസ്സിന്റെ ഉടമയെയാണ് ഞാന്‍ ധന്യയില്‍ കണ്ടത്.അതുകൊണ്ടുതന്നെ സങ്കടപ്പെടുത്തില്ല എന്നു വാക്കു കൊടുത്ത് ജീവിതകാലം കൂടെ കൂട്ടി”.-ഗോപകുമാര്‍ പറഞ്ഞു.പെണ്ണുകാണാനായി ഗോപകുമാര്‍ എത്തുന്നതിന് മുമ്പ് തന്നെ ധന്യ ഫോണ്‍ ചെയ്തു.തന്റെ പരിമിതികള്‍ എല്ലാം തുറന്ന് പറഞ്ഞ് ഒഴിവാക്കാന്‍ ശ്രമിച്ചു.എന്നാല്‍ ഗോപകുമാര്‍ ധന്യയെ വീട്ടില്‍ എത്തി കണ്ടു.പെണ്ണുകാണല്‍ ചടങ്ങിന് ശേഷവും ധന്യ ചോദിച്ചു,തന്നെ വിവാഹം ചെയ്ത് ബുദ്ധിമുട്ടില്‍ ആകണോ എന്ന്.എന്നാല്‍ അന്ന് ഗോപകുമാര്‍ അതിനൊരു മറുപടി പറഞ്ഞില്ല.19-ാം വയസ്സില്‍ തുടങ്ങിയതാണ് വീല്‍ ചെയറിലുള്ള തന്റെ ജീവിതം,ഇതുവരെയും ആര്‍ക്കും ഭാരമായി ജീവിച്ചിട്ടില്ല.അങ്ങനെ സംഭവിച്ചാല്‍ അത് തനിക്ക് സഹിക്കാന്‍ കഴിയില്ലെന്നും ധന്യ ഗോപകുമാറിനോട് പറഞ്ഞു.

”എനിക്കു നിന്നെ ഒരുപാടിഷ്ടമായി.ലോട്ടറി വില്‍പനക്കാരനായ എന്നെ ഇഷ്ടപ്പെട്ടോ എന്നു മാത്രം പറഞ്ഞാല്‍ മതി”.-എന്നായിരുന്നു ഗോപകുമാറിന്റെ മറുപടി.ഒടുവില്‍ ധന്യയും ഗോപകുമാറും ജീവിതത്തില്‍ ഒന്നായി.ധന്യ തന്റെ 19-ാം വയസില്‍ അങ്കമാലിയില്‍ ഒപ്‌റ്റോമെട്രിക്ക് പഠിക്കുന്ന സമയമാണ് നട്ടെല്ലില്‍ ട്യൂമര്‍ പിടിപെട്ടത്.ചികിത്സയെത്തുടര്‍ന്ന് ഇടയ്ക്ക് പഠനം മുടങ്ങി.എന്നാല്‍ തോറ്റ് പിന്മാറാന്‍ ധവന്യ തയ്യാറായിരുന്നില്ല,എംജി സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലിഷില്‍ ബിരുദവും ബിരുദാനാന്തര ബിരുദവും നേടി.ജീവിതം വീല്‍ചെയറില്‍ തന്നെയായപ്പോള്‍ സംഗീതമായിരുന്നു ആശ്വാസം.തണല്‍ ഫ്രീഡം ഓണ്‍ വീല്‍സ് എന്ന കൂട്ടായ്മയില്‍ പ്രധാന ഗായികയായും ധന്യ തിളങ്ങി.വീട്ടില്‍ വിദ്യാര്‍ഥികള്‍ക്ക് അബാക്കസ് പരിശീലനവും നല്‍കുന്നു.