നാടന്‍ പെണ്‍കുട്ടി മാത്രമല്ല, മോഡേണ്‍ ലുക്കില്‍ ഞെട്ടിച്ച് സാന്ത്വനത്തിലെ അഞ്ജലി

ബാലേട്ടന്‍ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ മക്കളില്‍ ഒരാളായി എത്തിയത് ഗോപിക അനില്‍ ആയിരുന്നു. ഇപ്പോള്‍ മിനിസ്‌ക്രീന്‍ പരമ്പരകളില്‍ നായികയായി തിളങ്ങുകയാണ് ഗോപിക. ബിജു മേനോന്‍ നായകനായ ശിവം എന്ന ചിത്രത്തിലൂടെ ബാല താരമായിട്ടാണ് ഗോപിക അഭിനയ രംഗത്ത് എത്തുന്നത്. പിന്നീടാണ് മോഹന്‍ലാല്‍ ചിത്രമായ ബാലേട്ടനില്‍ അഭിനയിക്കുന്നത്. പിന്നീട് മയിലാട്ടം, അകലെ തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചു. 2003ല്‍ മാംഗല്യം എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീനിലെത്തി. പിന്നീട് ഉണ്ണിയാര്‍ച്ച, അമ്മത്തൊട്ടില്‍ എന്നീ സീരിയലുകളില്‍ അഭിനയിച്ചു.

കബനി എന്ന പരമ്പരയിലാണ് ആദ്യമായി നായികയായി ഗോപിക എത്തിയത്. പിന്നീട് ഹിറ്റ് പരമ്പരയായ സാന്ത്വനത്തിലെ അഞ്ജലിയായി എത്തിയതോടെ താരത്തെ ആരാധകര്‍ ഏറ്റെടുത്തു. ഈ സീരയിലിലൂടെ നിരവധി ആരാധകരാണ് ഗോപികയ്ക്ക് സ്വന്തമായത്. നടന്‍ സജിന്‍ അവതരിപ്പിക്കുന്ന ശിവന്‍ എന്ന കഥാപാത്രത്തിന്റെ നായിക കഥാപാത്രമാണ് അഞ്ജലി.

ഇപ്പോള്‍ ഗോപികയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്. പരമ്പരയില്‍ എപ്പോഴും സാരിയില്‍ നാടന്‍ പെണ്‍കുട്ടിയായിട്ടാണ് ഗോപിക പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളില്‍ മോഡേണ്‍ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിമിഷ നേരം കൊണ്ട് താരത്തിന്റെ ലുക്ക് വൈറലായി മാറി. ഗോപിക സാരിയിലും മോഡേണ്‍ ലുക്കിലും ഒരുപോലെ സുന്ദരിയാണ് എന്നാണ് ആരാധകരില്‍ ഏറെയും കമന്റ് ചെയ്തത്.