ഇനി ​ഗൗരി മനോജിന് മാത്രം സ്വന്തം, പൗർണ്ണമി തിങ്കൾ താരം വിവാഹിതയായി

മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി ഗൗരി കൃഷ്ണ വിവാഹിതയായി. പൗർണമി തിങ്കൾ എന്ന പരമ്പരയിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. എന്ന് സ്വന്തം ജാനി, സീത എന്നീ പരമ്പരകളിലും ഗൗരി അഭിനയിച്ചിരുന്നു. പൗർണമി തിങ്കൾ എന്ന പരമ്പരയിൽ പൗർണമി എന്ന കഥാപാത്രത്തെയാണ് ഗൗരി അവതരിപ്പിച്ചത്. പരമ്പര അവസാനിച്ചിരുന്നു. വലിയ പ്രേക്ഷക പിന്തുണ ലഭിച്ച പരമ്പരയുമാണ് ഇത്.

ഇറഞ്ഞാൽ ദേവി ക്ഷേത്രത്തിൽ വെച്ചായിരുന്നു ​ഗൗരി കൃഷ്ണന്റേയും പൗർണമി തിങ്കൾ സീരിയലിന്റെ സംവിധായകൻ കൂടിയായ മനോജിന്റേയും വിവാഹം നടന്നത്. വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചുവപ്പും വെള്ളയും നിറങ്ങൾ ചേർന്ന ബ്രൈഡൽഡ സാരിയിലും ആഭരണങ്ങളും അണിഞ്ഞ് മുല്ലപ്പൂവും ചൂടിയാണ് ​ഗൗരി കൃഷ്ണൻ എത്തിയത്. വെള്ള കുർത്തയും കസവ് മുണ്ടുമായിരുന്നു വരൻ മനോജിന്റെ വേഷം.

അടുത്തിടെ ​ഗൗരി വിവാഹത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു, അറേഞ്ച്ഡ് മ്യാരേജ് ആണോന്ന് ചോദിച്ചാൽ ആദ്യം ആലോചനയുമായി വന്നത് എന്റെ അടുത്ത് തന്നെയാണ്. ആ സമയത്ത് ഞാൻ കല്യാണം വേണോ വേണ്ടയോ എന്നൊക്കെ ആലോചിച്ച് ഇരിക്കുകയായിരുന്നു. എന്റെ സ്വഭാവം വെച്ചിട്ട് നമുക്ക് ഒരാളെ ബുദ്ധിമുട്ടിക്കാൻ പാടില്ലല്ലോ. അതെനിക്ക് നന്നായി അറിയാം. അതുകൊണ്ട് കല്യാണം വേണ്ട എന്നആറ്റിറ്റിയൂഡിൽ പോയി കൊണ്ടിരിക്കുകയായിരുന്നു.

പിന്നെ ആൾക്ക് എന്റെ ക്യാരക്ടർ നന്നായി മനസിലായിട്ടുണ്ട്. ഞാൻ അങ്ങനെ ആശ്രയിച്ച് നിൽക്കുന്ന സ്വഭാവമല്ല. അത് എന്റെ പോരായ്മ ആണോന്ന് ചോദിച്ചാൽ ചിലപ്പോൾ അങ്ങനെ ആയിരിക്കും. അത് ഞാൻ പറഞ്ഞിരുന്നു. എനിക്ക് എന്റെ എല്ലാ ഇഷ്ടങ്ങളും കളഞ്ഞ് ജീവിക്കാൻ പറ്റില്ല. ഞങ്ങൾ വീട്ടിൽ രണ്ട് പെൺകുട്ടികളാണ്. അതുകൊണ്ട് എനിക്ക് അച്ഛനെയും അമ്മയെയും ഒറ്റയ്ക്ക് ആക്കാനും പറ്റില്ല. ആ കാര്യമായിരുന്നു എന്റെ ഉത്കണ്ഠ. വിവാഹം കഴിക്കുന്നില്ലെന്ന തീരുമാനത്തിന് പിന്നിലും അതായിരുന്നു. ഈ പ്രൊപ്പോസൽ വന്നപ്പോൾ തന്നെ ഞാൻ ആദ്യം പറഞ്ഞത് ഇതാണ്. എനിക്ക് ഇഷ്ടമുള്ള ഇടത്ത് നിൽക്കാം. അത് തന്റെ ഇഷ്ടമാണെന്നാണ് അദ്ദേഹം പറഞ്ഞത്. പതിനഞ്ച് ദിവസം ഇവിടെയും ബാക്കി പതിനഞ്ച് ദിവസം അവിടെയുമായി നിൽക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ അല്ലാതെ എനിക്ക് പറ്റില്ല. അവരൊറ്റയ്ക്ക് നിൽക്കുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല. ആ നിബന്ധന പുള്ളിക്കാരൻ സ്വീകരിച്ചു. സാധാരണ ആരും അത് സ്വീകരിക്കില്ല.