ശിവശങ്കറിന് അനുവദിച്ച അവധി റദ്ദാക്കിയിരുന്നുവെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് അനുവദിച്ച അവധി റദ്ദാക്കിയിരുന്നുവെന്ന് സര്‍ക്കാര്‍. ശിവശങ്കറിന് അവധി അനുവദിച്ചതുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ആദ്യം അനുവദിച്ച അവധി റദ്ദ് ചെയ്തിരുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കിയത്.

ബുധനാഴ്ച വൈകിട്ടോടെയാണ് ശിവശങ്കറിന് അവധി അനുവദിച്ച് ഉത്തരവിറങ്ങിയ കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അവധി അനുവദിച്ചുകൊണ്ട് ഉത്തരവ് ഇറങ്ങിയ കാര്യം പൊതുഭരണവകുപ്പ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അവധി നല്‍കിയെങ്കിലും ഈ അവധി റദ്ദാക്കിയിരുന്നതായി പിന്നീട് ചീഫ് സെക്രട്ടറിയുടെ ഓഫീസ് അറിയിക്കുകയായിരുന്നു.

ജൂലായ് ഏഴ് മുതല്‍ ഒരു വര്‍ഷത്തേയ്ക്കാണ് ശിവശങ്കര്‍ അവധിക്ക് അപേക്ഷിച്ചിരുന്നത്. ഈ അവധി അനുവദിച്ചുകൊണ്ട് ജൂലായ് 22ന് സര്‍ക്കാര്‍ ഉത്തരവിറക്കി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജൂലായ് 16ന് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തു. ഇതിനെ തുടര്‍ന്ന് നേരത്തെ അനുവദിച്ചിരുന്ന അവധി റദ്ദ് ചെയ്ത് ഓഗസ്റ്റ് 10ന് ഉത്തരവിറക്കിയിരുന്നു എന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ വ്യത്തങ്ങള്‍ വ്യക്തമാക്കുന്നത്.

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഐടി സെക്രട്ടറി പദവിയില്‍ നിന്നും മാറ്റി നിര്‍ത്തിയ അന്നുമുതലുള്ള അവധിയാണ് സര്‍ക്കാര്‍ ശിവശങ്കറിന് നല്‍കിയിരിക്കുന്നതെന്നാണ് പുറത്ത് വന്ന വാർത്ത. സ്വകാര്യ ആവശ്യത്തിന് അദ്ദേഹത്തിന് അവകാശമുള്ള അവധി അനുവദിച്ചിരിക്കുന്നു എന്നാണ് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്. മുന്‍കാല പ്രാബല്യത്തോടെ അവധി അനുവദിച്ചതോടെ സസ്‌പെന്‍ഷന്‍ കാലയളവിലുള്ള ശമ്പളവും ശിവശങ്കറിന് ലഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.