സഭയിലെ പ്രതിഷേധം അവസാനിപ്പിക്കാൻ വിഡി സതീശനുമായി ചർച്ച നടത്തി സർക്കാർ

തിരുവനന്തപുരം. സര്‍ക്കാരിനെതിരെ പ്രതിപക്ഷം നിയമസഭയില്‍ നടത്തുന്ന പ്രതിഷേധം തണുപ്പിക്കാന്‍ അനുരഞ്ജന ശ്രമത്തിന് സര്‍ക്കാര്‍ ശ്രമം. പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രതിഷേധം തണുപ്പിക്കുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവുമായി ചര്‍ച്ച നടത്തിയേക്കും. വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി പാര്‍ലമെന്ററി കാര്യ മന്ത്രി കെ രാധാകൃഷ്ണന്‍ ചര്‍ച്ച നടത്തി.

സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവിന്റെ മുറിയിലെത്തിയാണ് മന്ത്രി കെ രാധാകൃഷ്ണന്‍ വി ഡി സതീശനെ കണ്ടത്. ചര്‍ച്ചയില്‍ പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളില്‍ തീര്‍പ്പുണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അടിയന്തരപ്രമേയ നോട്ടീസ് തള്ളുന്ന സാഹചര്യം ഒഴിവാക്കണം.

സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിപക്ഷ എംഎല്‍എമാരെ മര്‍ദ്ദിച്ച വാച്ച് ആന്‍ഡ് വാര്‍ഡുകള്‍ക്കെതിരെയും രണ്ട് ഭരണ പക്ഷ എംഎല്‍എമാര്‍ക്കെതിരെയും നടപടി വേണം. പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ പോലീസ് എടുത്തിരിക്കുന്ന കേസ് പിന്‍വലിക്കണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. ഈ വിഷയങ്ങള്‍ അംഗീകരിക്കാമെങ്കില്‍ സഭാ നടപടികളുമായി സഹകരിക്കാമെന്ന് പ്രതിപക്ഷം അറിയിച്ചു.