അർദ്ധരാത്രിയിൽ മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ വീണ്ടും തുറന്നു; തമിഴ്‌നാടിന്റെ ഗർവ്വിനെതിരെ സംസ്ഥാന സർക്കാർ ഇന്ന് സുപ്രീം കോടതിയിൽ

രാത്രി കാലങ്ങളിൽ മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ അണകെട്ട് തമിഴ്‌നാട് തുറക്കുന്നതിനെതിരെ സംസ്ഥാന സർക്കാർ ഇന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും. ഇക്കാര്യം പല തവണ അറിയിച്ചിട്ടും തമിഴ്‌നാട് സർക്കാർ നടപടി സ്വീകരിച്ചിട്ടില്ലെന്ന കാര്യവും കോടതിയിൽ വ്യക്തമാക്കും.

അടുത്തിടെയായി രാത്രി കാലങ്ങളിൽ മുന്നറിയിപ്പ് നൽകാതെയാണ് തമിഴ്‌നാട് ഷട്ടർ തുറക്കുന്നത്. മുന്നൊരുക്കങ്ങളോ രക്ഷാ പ്രവർത്തനങ്ങളോ കൃത്യമായി നടത്താൻ സാധിക്കാത്തതിനാൽ അമിതമായി വെള്ളം തുറന്നുവിടുമ്പോൾ പെരിയാർ തീരത്തുള്ള പല വീടുകളിലും വെള്ളം കയറുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിലാണ് കേരളം സുപ്രീം കോടതിയെ സമീപിക്കുന്നത്.

മുൻകൂട്ടി അറിയിച്ചതിന് ശേഷം മാത്രമേ ഷട്ടറുകൾ തുറക്കാവു എന്നതാണ് കേരളത്തിന്റെ ആവശ്യം. ജലനിരപ്പ് ഉയരുന്നത് അനുവരിച്ച് വെള്ളം തുറന്നുവിടണമെന്നും കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെടും.

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിൽ നാല് ഷട്ടറുകൾ കൂടി തുറന്നു. നിലവിൽ അഞ്ച് ഷട്ടറുകളിലൂടെയാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. ഇത് അറുപത് സെന്റീമീറ്ററായി ഉയർത്തി. 3947.55 ഘനയടി വെള്ളമാണ് ഇപ്പോൾ പുറത്തേക്ക് ഒഴുക്കുന്നത്.