ഭക്ഷ്യ എണ്ണകളുടെ വില കമ്പനികൾ 15 രൂപ കുറയ്ക്കണമെന്ന് സർക്കാർ

 

ദില്ലി/ ഭക്ഷ്യ എണ്ണയുടെ വില 15 രൂപ എത്രയും വേഗം കുറയ്ക്കാൻ കേന്ദ്ര സർക്കാരിന്റെ കർശന നിർദേശം. ഭക്ഷ്യ എണ്ണ അസോസിയേഷനുകളോട് ആണ് സർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് നടത്തിയ യോഗത്തിൽ ഉടനടി പ്രാബല്യത്തിൽ വരുന്ന വിധത്തിൽ ഭക്ഷ്യ എണ്ണകളുടെ എംആർപിയിൽ 15 രൂപ കുറയ്ക്കാൻ പ്രമുഖ ഭക്ഷ്യ എണ്ണ അസോസിയേഷനുകളോട് സർക്കാർ നിർദേശിക്കുകയായിരുന്നു. വില കുറയ്ക്കൽ നടപടിയിൽ ഒരു തരത്തിലും വീഴ്ച വരാതിരിക്കാൻ നിർമ്മാതാക്കളും റിഫൈനർമാരും വിതരണക്കാർക്ക് നൽകുന്ന വില ഉടൻ കുറയ്ക്കണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.

നിർമ്മാതാക്കൾ / റിഫൈനർമാർ, വിതരണക്കാർക്ക് നൽകുന്ന വിലയിൽ കുറവ് വരുത്തുമ്പോഴെല്ലാം, അതിന്റെ പ്രയോജനം ഉപഭോക്താക്കൾക്ക് ലഭ്യമാക്കണം. ഇത് സംബന്ധിച്ച് ഉള്ള വിവരം വകുപ്പിനെ നിരന്തരം അറിയിക്കണം. മറ്റ് ബ്രാൻഡുകളെ അപേക്ഷിച്ച് വില കുറയ്ക്കാത്തതും എംആർപി കൂടുതലുള്ളതുമായ കമ്പനികളോടും വില കുറയ്ക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്.

അന്താരാഷ്‌ട്രതലത്തിൽ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണകളുടെ വില കുറയുകയാണ്. അതിനാൽ ആഭ്യന്തര വിപണിയിലെ വിലയും ആനുപാതികമായി കുറയ്ക്കുന്നുണ്ടെന്ന് ആഭ്യന്തര ഭക്ഷ്യ എണ്ണ വ്യവസായം ഉറപ്പാക്കണമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് നടത്തിയ യോഗത്തിൽ നിര്ദേശിക്കുകയുണ്ടായി. വിലക്കുറവ് ഒരു കാലതാമസവുമില്ലാതെ ഉപഭോക്താക്കളിലെത്തണം.

കഴിഞ്ഞ ഒരു മാസത്തിനിടെ ഭക്ഷ്യ എണ്ണകളുടെ ആഗോള വില ഒരു ടണ്ണിന് 300-450 ഡോളർ കുറഞ്ഞതിനെ തുടർന്നാണ് സർക്കാരിന്റെ ഈ നീക്കം. വാർഷിക ഭക്ഷ്യ എണ്ണയുടെ 56 ശതമാനവും ഇറക്കുമതിയിൽ നിന്നാണ് ഇന്ത്യ ഉപയോഗിച്ച് വരുന്നത്. അതിനാൽ, രാജ്യാന്തര വിപണിയിൽ ഭക്ഷ്യ എണ്ണവിലയിലുണ്ടായ ഇടിവ് ആഭ്യന്തര വിപണിയെ നേരിട്ട് ബാധിക്കും. ഉപഭോക്തൃ കാര്യ വകുപ്പ് നൽകിയ കണക്കുകൾ പ്രകാരം ജൂൺ 1 മുതൽ ഭക്ഷ്യ എണ്ണകളുടെ ചില്ലറ വിൽപ്പന വില രാജ്യത്ത് 5-11 ശതമാനം വരെ കുറഞ്ഞു. മെയ് മാസത്തിൽ, 2022-23, 2023-24 എന്നീ രണ്ട് സാമ്പത്തിക വർഷങ്ങളിലായി 20 ലക്ഷം മെട്രിക് ടൺ വീതം ക്രൂഡ് സോയാബീൻ ഓയിലും അസംസ്‌കൃത സൂര്യകാന്തി എണ്ണയും ഇറക്കുമതി ചെയ്യുന്നതിനുള്ള കസ്റ്റംസ് തീരുവയും കാർഷിക അടിസ്ഥാന സൗകര്യ വികസന സെസും സർക്കാർ എടുത്തുകളഞ്ഞിരിക്കുകയാണ്.