വിജയ്ബാബുവിന്റെ ജാമ്യം റദ്ദാക്കണം; സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും

കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ്ബാബുവിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും. വിജയ്ബാബുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹരജി സമര്‍പ്പിക്കുന്നത്അ തേസമയം കേസില്‍ നടന്‍ വിജയ് ബാബുവുനെ ഇന്നും ചോദ്യം ചെയ്യലിന് ഹാജരാക്കും. കേസില്‍ തെളിവെടുപ്പ് ഇന്നലെ പൂര്‍ത്തിയായിരുന്നു. ജൂലൈ 3 വരെയാണ് വിജയ് ബാബുവിനോട് അന്വേഷണവുമായി സഹകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ഏപ്രില്‍ 22നാണ് വിജയ് ബാബുവിനെതിരെ യുവനടി പീഡന പരാതി നല്‍കിയത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. ഫേസ് ബുക്ക് ലൈവില്‍ അതിജീവിതയുടെ പേരു വെളിപ്പെടുത്തിയതിന് വിജയ് ബാബുവിനെതിരെ മറ്റൊരു കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു. സി.സി.ടി.വി ഉള്‍പ്പെടെയുള്ള തെളിവുകള്‍ പൊലീസ് നേരത്തെ തന്നെ ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നുവെന്നും പുതിയ സിനിമയില്‍ അവസരം നല്‍കാതിരുന്നതോടെ നടി ആരോപണം ഉന്നയിക്കുകയാണെന്നുമാണ് വിജയ് ബാബുവിന്റെ വാദം.

കേസിന് പിന്നാലെ ദുബൈയിലേക്ക് കടന്ന വിജയ് ബാബുവിന് പിന്നീട് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പരാതിക്കാരിയേയോ കുടുബത്തെയോ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, സോഷ്യല്‍ മീഡിയ വഴി കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതികരണമുണ്ടാകരുത്, പൊലീസിന്റെ അനുമതിയില്ലാതെ കേരളം വിടരുത്, പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.