മുന്‍കൂട്ടി പണമടച്ചാല്‍ പ്രത്യേക കൗണ്ടര്‍ വഴി മദ്യം; തിരക്ക് കുറയ്ക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: മദ്യവില്‍പന ശാലകളിലെ തിരക്ക് കുറയ്ക്കാന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച്‌ സര്‍ക്കാര്‍. തുക മുന്‍കൂട്ടി അടച്ച്‌ മദ്യം വാങ്ങുന്നതിനുള്ള പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. ഇതിനായുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മദ്യവില്‍പന സ്ഥാപനങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്ന വലിയ ക്യൂ വലിയ പ്രശ്നമായി മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് ഒഴിവാക്കുന്നതിനായാണ് ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തുന്നതെന്നും മുന്‍കൂട്ടി തുക അടച്ച്‌ പെട്ടെന്ന് മദ്യം കൊടുക്കാന്‍ പാകത്തിലായിരിക്കും കൗണ്ടര്‍ ആരംഭിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരക്കുള്ള സ്ഥലങ്ങളില്‍ കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ഇപ്പോഴുള്ള തിരക്ക് ഒഴിവാക്കുന്നതിന് മറ്റ് ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.