
മലപ്പുറം: ഇസ്രായേലിൽ മലയാളി തീർത്ഥാടക സംഘത്തിലെ ഏഴ് പേരെ കാണാതായതായി പരാതി. ജൂലൈ 25ന് മലപ്പുറത്തെ ട്രാവൽ ഏജൻസി വഴി പുറപ്പെട്ട യാത്രാസംഘത്തിൽപെട്ട രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേരാണ് അപ്രത്യക്ഷരായത്. ഇവർ ബോധപൂർവം മുങ്ങിയതാണോയെന്നും സംശയമുണ്ട്. ട്രാവൽ ഏജൻസി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മലപ്പുറം എസ്.പിക്കും പരാതി നൽകി. മലപ്പുറത്തെ ഗ്രീൻ ഒയാസിസ് ടൂർസ് ആൻഡ് ട്രാവൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ജോർഡൻ, ഇസ്രായേൽ, ഈജിപ്ത് യാത്ര സംഘടിപ്പിച്ചത്.
ജറുസലേമിൽ ബൈത്തുൽ മുഖദ്ദിസ് സന്ദർശനത്തിനിടെയാണ് ഏഴ് പേരെ കാണാതായത്. തിരുവനന്തപുരം, കൊല്ലം സ്വദേശികളാണ് കാണാതായവർ. നസീർ അബ്ദുൽ റബ് (കുന്നിൽ വീട്, കുളമുട്ടം, പി.ഒ മൂങ്ങോട്), ഷാജഹാൻ അബ്ദുൽ ഷുക്കൂർ (പാകിസ്താൻമുക്ക്, പി.ഒ മിതിർമല, തിരുവനന്തപുരം), ഹകീം അബ്ദുൽ റബ് (അഹമ്മദ് മൻസിൽ, കുളമുട്ടം, മണമ്പൂർ, തിരുവനന്തപുരം), ഷാജഹാൻ കിതർ മുഹമ്മദ് (ഒലിപ്പിൽ കുളമുട്ടം തിരുവനന്തപുരം), ബീഗം ഫന്റാസിയ (ഷഫീഖ് മൻസിൽ പാലക്കൽ, കടയ്ക്കൽ, കൊല്ലം), നവാസ് സുലൈമാൻ കുഞ്ഞ് (ഷാഹിനാസ് സ്ന്നേഹതീരം പുനുകന്നൂർ ചിറയടി, പെരുമ്പുഴ കൊല്ലം), ഭാര്യ ബിൻസി ബദറുദ്ദീൻ ഷാഹിനാസ് (സ്ന്നേഹതീരം പുനുകന്നൂർ ചിറയടി, പെരുമ്പുഴ കൊല്ലം) എന്നിവരെയാണ് വെള്ളിയാഴ്ച മുതൽ കാണാതായത്.
ഇവർ ബോധപൂർവം കടന്നുകളയുകയായിരുന്നു എന്നാണ് സാഹചര്യ തെളിവുകളിൽ നിന്ന് മനസിലാക്കാൻ ആകുന്നത്. എന്നാൽ ഇവരെ കാണാതായതോടെ ബാക്കിയുള്ളവരെ ഇസ്രായേലിലെ ടൂർ ഏജന്റ് തടഞ്ഞ് വെച്ചിരിക്കയാണ്. കാണാതായവരെ കണ്ടെത്തിയില്ലെങ്കിൽ പിഴയായി ഓരോ അംഗത്തിനും 15,000 ഡോളർ വീതം അടയ്ക്കണം എന്ന നിബന്ധനയാണ് ടൂർ ഏജൻസി ആവശ്യപ്പെട്ടിരിക്കുന്നത്. ടൂർ പാക്കേജ് പ്രകാരം
ഹോട്ടലിൽ നാളെ കൂടി താമസിക്കാനുള്ള അനുവാദമേ സംഘത്തിനുള്ളു.
ടൂർ ഏജൻസി യാത്രാസംഘത്തെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതായി ട്രാവൽസ് ഉടമകൾ പൊലിസിന് നൽകിയ പരാതിയിൽ പറഞ്ഞു. സുലൈമാൻ എന്നയാളാണ് കാണാതായ ഏഴ് പേർക്കും വേണ്ടി ഫെഡറൽ ബാങ്ക് അടൂർ ശാഖയിൽ നിന്ന് ഓൺലൈനായി പണമടച്ചത്. ഇയാളെ ഇപ്പൊ ഫോണിൽ ബന്ധപ്പെടാൻ ആകുന്നില്ല. കഴിഞ്ഞ മാർച്ചിൽ സമാനമായി സംഘടിപ്പിച്ച യാത്രയിൽ നാല് പേരെ ഇതുപോലെ കാണാതായിരുന്നു.
ഇവരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഗ്രീൻ ഒയാസിസ് ടൂർസ് ആൻഡ് ട്രാവൽസ് മാനേജിങ് ഡയറക്ടർ ജലീൽ മങ്കരത്തൊടി പറഞ്ഞു. വാർത്ത സമ്മേളനത്തിൽ ട്രാവൽസ് സി.ഒ.ഒ ഇർഫാൻ നൗഫൽ, മാനേജർ മുസ മുരിങ്ങേതിൽ എന്നിവരാണ് വിവരങ്ങൾ പുറത്തുവിട്ടത്.