നാഗ്പുർ നഗരത്തിലെ അപൂർവ കാഴ്ചയ്ക്ക് ഗിന്നസ് റെക്കോർഡ്; വിസ്മയമായി ഇരട്ട മേൽപ്പാത

നാഗ്പുര്‍ നഗരത്തിലെ അപൂര്‍വകാഴ്ചയായ ഇരട്ട മേല്‍പ്പാതയ്ക്കു ഗിന്നസ് ലോക റെക്കോര്‍ഡ്. ഇവിടെ മൂന്നു പാതകളാണ് ഒന്നിനുമുകളില്‍ ഒന്നായി പണിതിരിക്കുന്നത്. ഏറ്റവും താഴെ വാര്‍ധ ദേശീയപാത. അതിനു മുകളില്‍ മേല്‍പ്പാത. അതിനും മുകളിലാണ് മെട്രോ റെയില്‍പ്പാത. ഈ രണ്ടു മേല്‍പ്പാതകളും നില്‍ക്കുന്നത് ഒറ്റത്തൂണിലാണ്. ഇങ്ങനെ നിര്‍മിച്ചതിനാല്‍ വീണ്ടും ഭൂമിയേറ്റെടുക്കലും അത്രയും ചെലവും നിര്‍മാണ സമയവും മറ്റും ഒഴിവാക്കാനായി. ഏറ്റവും നീളംകൂടിയ ഇരട്ടമേല്‍പ്പാത ഒറ്റത്തൂണില്‍ നിര്‍മിച്ചതിനാണ് ദേശീയപാത അതോറിറ്റിക്കും മഹാരാഷ്ട്രാ മെട്രോ റെയില്‍ കോര്‍പ്പറേഷനും ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചത്. 3.14 കിലോമീറ്റര്‍ നീളത്തിലാണ് ഇരട്ടമേല്‍പ്പാതകള്‍ നിര്‍മിച്ചത്.

ഇത്രയും ദൂരത്തിനുള്ളില്‍ മൂന്ന് മെട്രോ സ്റ്റേഷനുകളും ഉള്‍പ്പെടുന്നു ഛത്രപതി നഗര്‍, ജയ് പ്രകാശ് നഗര്‍, ഉജ്ജ്വല്‍ നഗര്‍. ഒരുതൂണില്‍ 3.14 കിലോമീറ്ററിലാണ് ഇരട്ട മേല്‍പാത നിര്‍മിച്ചിരിക്കുന്നത്. ഒമ്പത് മിറ്ററാണ് ഫ്‌ളൈ ഓവര്‍ ഹൈവേ, 20 മീറ്ററാണ് മെട്രോയും നിര്‍മിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഡബിള്‍ ഡക്കര്‍ ഫ്‌ളൈഓവറാണ് ഇത്. ഇതിനു മുമ്പ് ഏഷ്യാ ബുക്ക് റെക്കോര്‍ഡിലും ഇന്ത്യാ ബുക്ക് റെക്കോര്‍ഡിലും വാര്‍ധാ മെട്രോ പാത ഇടം നേടിയിരുന്നു. ഗിന്നസ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ച പദ്ധതിയെ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും അഭിനന്ദിച്ചു. ഈ നേട്ടത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരോട് ഏറെ നന്ദിയുണ്ടെന്നും രാജ്യത്തിന് അഭിമാനമുഹൂര്‍ത്തമാണിതെന്നുമായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം.

ലോകത്തെ വിസ്മയിപ്പിക്കുന്ന നിര്‍മ്മിതികളാണ് രാജ്യത്ത് ഉയരുന്നത്. വാര്‍ധാ മെട്രോ പാത മാത്രമല്ല കശ്മീരിലും പൂര്‍ത്തിയാകുന്നുണ്ട് ഒരു വിസ്മയം. പറഞ്ഞുവരുന്നത് ചെനാബ് റെയില്‍പ്പാലത്തേക്കുറിച്ചാണ്. രാജ്യത്തിന്റെ വികസന ചരിത്രത്തില്‍ മറ്റൊരു പൊന്‍തൂവലാണ് ചെനാബ് റെയില്‍പ്പാലം. കശ്മീരിനെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാലം ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍പ്പാലമാണ്. 1.3 കിലോമീറ്റര്‍ നീളമുള്ള പാലം നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതിപ്രശസ്തമായ പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരകൂടുതലാണിത്. ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ ബക്കലിനും കൗരിക്കും ഇടയില്‍ ചെനാബ് നദിക്കു കുറുകെയാണ് ചെനാബ് ആര്‍ച്ച് ബ്രിഡ്ജ് നിര്‍മിച്ചിരിക്കുന്നത്. ജമ്മു കശ്മീരിലൂടെയും പിന്നീട് പാക് പഞ്ചാബിലൂടെയും ഒഴുകുന്ന ചെനാബ് ഹിമാചല്‍ പ്രദേശിലെ ലാഹൗള്‍, സ്പിതി ജില്ലകളിലെ അപ്പര്‍ ഹിമാലയത്തില്‍നിന്നാണ് ഉത്ഭവിക്കുന്നത്.

സാലാല്‍-എ, ദുഗ്ഗ റെയില്‍വേ സ്റ്റേഷനുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള പാലം ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തുന്നതാണ്. ഉധംപുര്‍ വഴി ജമ്മുവിനെ ബാരാമുള്ളയും ശ്രീനഗറുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ ലൈന്റെ ഭാഗമാണ് ചെനാബ് റെയില്‍പ്പാലം. കശ്മീര്‍ റെയില്‍വെ പദ്ധതിയില്‍ ഉള്‍പ്പെടുന്ന ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള സെക്ഷന്റെ ഭാഗമായ കത്രയ്ക്കും ബനിഹാലിനും ഇടയിലെ 111 കിലോമീറ്ററിനെ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ് ചെനാബ് പാലം. 28,000 കോടി ചെലവില്‍ പണിയുന്ന ഉധംപുര്‍- ശ്രീനഗര്‍- ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതിയുടെ ഭാഗമായി ഉത്തര റെയില്‍വേയ്ക്ക് വേണ്ടി അഫ്‌കോണ്‍സ് എന്ന മുംബൈ ആസ്ഥാനമായ കമ്പനിയാണ് പാലം പണിതത്.

ലോകത്തിനുമുന്നില്‍ ഇന്ത്യയുടെ എന്‍ജിനിയറിങ് അഭിമാനം ഉയര്‍ത്തുന്ന പദ്ധതികള്‍ നിരവധിയാണ്. പാമ്പന്‍ പാലവും മറ്റൊരു വിസ്മയം. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ് പാലമാണ് പുതിയ പാമ്പന്‍ പാലം. തീര്‍ന്നില്ല ഇനിയും ഉണ്ട് എഞ്ചിനിയറിങ് വിസ്മയങ്ങള്‍. അടല്‍ ടണല്‍. 9 കിലോമീറ്റര്‍ നീളമിള്ള ഈ തുരങ്കം ലോകത്തിലെ ഏറ്റവിം ഉയരമുള്ള മോട്ടോര്‍ ഹൈവേ ടണലാണിത്. ഡല്‍ഹിയിലെ സിഗ്‌നേച്ചര്‍ ബ്രിഡ്ജ്. കുത്തബ്മിനാറിന്റെ ഇരട്ടി ഉയരമുള്ള പാലമാണിത്. മുംബൈയിലെ സീ ലിങ്ക്പാലം. റിക്ടര്‍ സ്‌കെയിലില്‍ 7 വരെ തീവ്രതയുള്ള ഭൂകമ്പങ്ങളെ ചെറുക്കാന്‍ ശേഷിയുണ്ട് ഈ പാലത്തിന്. അങ്ങനെ ലോകത്തെ ഞെട്ടിക്കുന്ന അനവധി നിര്‍മ്മിതികളാണ് ഇന്ത്യയില്‍ ഉണ്ടാകുന്നത്.