ഗുജറാത്തിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; 58.80 ശതമാനം പോളിംഗ്

ഗാന്ധിനഗർ: ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പൂർത്തിയായി. 58.80 ശതമാനം പോളിംഗാണ് 5 മണി വരെ രേഖപ്പെടുത്തിയത്. 14 ജില്ലകളിലെ 93 നിയോജക മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പാണ് രണ്ടാം ഘട്ടത്തിൽ നടന്നത്. രാവിലെ എട്ട് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 2.1 കോടി വോട്ടർമാരാണ് വോട്ടവകാശം വിനിയോഗിച്ചത്.

26,409 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിരുന്നത്. 36,00 ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളാണ് ഉപയോഗപ്പെടുത്തിയത്. ആദ്യഘട്ട വോട്ടെടുപ്പിൽ 63.14 ശതമാനം പോളിംഗായിരുന്നു രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം സബർകാന്ത ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 65.84 ശതമാനം പോളിംഗാണ് അഞ്ച് മണി വരെ രേഖപ്പെടുത്തിയത്. അഹമ്മാദാബാദിലാണ് കുറവ് പോളിംഗ് രേഖപ്പെടുത്തിയത്.

53.57 ശതമാനമാണ് രേഖപ്പെടുത്തിയത്. ഗാന്ധിനഗറിൽ 59.14 ശതമാനും ആനന്ദിൽ 59.04 ശതമാനവും ആർവല്ലിയിൽ 60.18 ശതമാനം വോട്ട് രേഖപ്പെടുത്തി. ബനസ്‌കന്തയിൽ 65.65 ശതമാനവും ഛോട്ടൗദേപൂരിൽ 62.04 ശതമാനവും ദാഹോദിൽ 55.80 ശതമാനം പോളിംഗും രേഖപ്പെടുത്തി. മഹേശനയിൽ 61.01 ശതമാനവും മഹിസാഗറിൽ 54.26 ശതമാനവും വോട്ടെടുപ്പ് രേഖപ്പെടുത്തി.