ലൈസന്‍സ് വേണം; നിറതോക്കുമായി 84-കാരന്‍ കളക്ട്രേറ്റില്‍

കളക്ടറേറ്റില്‍ നിറതോക്കുമായെത്തി സര്‍ക്കാര്‍ ജീവനക്കാരെ മുള്‍മുനയില്‍ നിര്‍ത്തി വയോദികന്‍. എറണാകുളം കളക്ട്രേറ്റിലാണ് മൂവാറ്റുപുഴ സ്വദേശി ഗോപാലകൃഷ്ണന്‍ നായര്‍ നിറതോക്കുമായെത്തിയത്. റിട്ട. തഹസില്‍ദാര്‍ കൂടിയായ ഗോപാലകൃഷ്ണന്‍ നായര്‍ (84) തോക്ക് ലൈസന്‍സ് പുതുക്കാനായാണ് കളക്ട്രേറ്റില്‍ എത്തിയത്. ഗോപാലകൃഷ്ണന്‍ നായരെ തൃക്കാക്കര പോലീസ് കസ്റ്റഡില്‍ എടുത്തു.

ട്രഷറിയില്‍ എത്തി തോക്ക് ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസടച്ചശേഷം രസീതും പഴയ ലൈസന്‍സും മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള രേഖകള്‍ ഉള്‍പ്പെടെ കളക്ട്രേറ്റിലെ തപാല്‍ വിഭാഗത്തില്‍ കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ബാഗില്‍ നിന്നും രേഖകള്‍ക്കൊപ്പം തോക്കും പുറത്തെടുത്ത് ഗോപാലകൃഷ്ണന്‍ നായര്‍ തോക്ക് ചൂണ്ടിപ്പിടിച്ചതോടെ ജീവനക്കാര്‍ ഭയന്ന് പോലീസിനെ വിളിക്കുകയായിരുന്നു.

.22 റിവോള്‍വറില്‍ ബുള്ളറ്റുകള്‍ ലോഡ് ചെയ്തിരുന്നുവെന്ന് പോലീസ് നടത്തിയ പരിശോധനയില്‍ വ്യക്തമായി. ഉദ്യോഗസ്ഥരില്‍ ചിലര്‍ ഇത് ഫോട്ടോയെടുത്ത് എഡിഎമ്മിന് ഉള്‍പ്പെടെ അയച്ച് കൊടുത്തതോടെ പോലീസ് ഗോപാലകൃഷ്ണന്‍ നായരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വയരക്ഷയ്ക്കായി തോക്ക് ഉപയോഗിക്കാന്‍ 2007 മുതല്‍ ഇദ്ദേഹത്തിന് ലൈസന്‍സ് ഉണ്ട്. ജീവനക്കാര്‍ക്ക് പരാതിയില്ലാത്തതിനാല്‍ പോലീസ് കേസെടുത്തില്ല.