ഗുണ്ടാത്തലവന്‍ മരട് അനീഷിനെ സഹതടവുകാരൻ ബ്ലേഡ് കൊണ്ട് ആക്രമിച്ചു, തലയിലും, ദേഹത്തിനും പരിക്ക്

തൃശ്ശൂര്‍. നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ മരട് അനീഷിനുനേരേ സഹതടവുകാരന്റെ ആക്രമണം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് സംഭവം . അമ്പായത്തോട് അഷ്‌റഫ് ഹുസൈൻ എന്ന തടവുകാരനാണ് അനീഷിനെ ബ്ലേഡ് കൊണ്ട് ആക്രമിച്ചത്. രാവിലെ ഭക്ഷണവിതരണത്തിനിടെയുണ്ടായ തര്‍ക്കമാണ് ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തില്‍ കലാശിച്ചതെന്നാണണ് വിവരം.

തലയിലും ദേഹത്തും മുറിവേറ്റ അനീഷിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം തടയാന്‍ ശ്രമിച്ച ജയില്‍ ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. പത്തുദിവസം മുന്‍പാണ് മരട് അനീഷിനെ കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായ ഇയാളെ കൊച്ചിയിലെ ആശുപത്രി വളഞ്ഞാണ് പോലീസ് പിടികൂടിയത്.

2022-ല്‍ തൃക്കാക്കര പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നടന്ന കൊലപാതകശ്രമ കേസിലും ഒക്ടോബര്‍ 31-ന് പനങ്ങാട് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നടന്ന തട്ടിക്കൊണ്ടുപോകല്‍ കേസിലും അനീഷിനെ പോലീസ് അന്വേഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ കൈയ്ക്കു പരിക്കേറ്റ് ആശുപത്രിയിലെത്തിയതായി കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എ. അക്ബറിന് രഹസ്യവിവരം ലഭിച്ചത്.

തുടര്‍ന്ന് രാത്രി 12.30 ഓടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് 25-ഓളം പോലീസുകാരടങ്ങിയ സംഘം അനീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.അനീഷിനെയും സംഘത്തെയും പിടിക്കാന്‍ ‘ഓപ്പറേഷന്‍ മരട്’ എന്ന പ്രത്യേക അന്വേഷണ സംഘത്തിനും പോലീസ് രൂപം നല്‍കിയിരുന്നു. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലും വിവിധ കേസുകളില്‍ പ്രതിയാണ് അനീഷ്. കേരളത്തില്‍ മാത്രം കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, വധശ്രമം, ഗുണ്ടാപ്പിരിവ്, തുടങ്ങി 45-ഓളം കേസുകളുണ്ട്.

ആഴ്ചകള്‍ക്ക് മുന്‍പ് വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ കൊടിസുനി ഉള്‍പ്പെടെയുള്ള തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടുകയും ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തിരുന്നു. കൊടിസുനിയും സംഘവും ആസൂത്രണംചെയ്ത് നടപ്പാക്കിയ കലാപമാണിതെന്നായിരുന്നു ജയില്‍ അധികൃതരുടെ കണ്ടെത്തല്‍.