നാട്ടുകാര്‍ പിരിച്ചുനല്‍കിയ തുകകൊണ്ട് ദുരിതബാധിതരെ സഹായിച്ച് ഹനാന്‍

കൊച്ചി: സ്വന്തമായി അധ്വാനിച്ച് ജീവിക്കുകയും അതോടൊപ്പം പഠിക്കുകയും ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ താരമായി മാറി, മലയാളികള്‍ നെഞ്ചോട് ചേര്‍ത്തുവെച്ച ഹനാന്‍ വീണ്ടും കേരളത്തിന് മാതൃകയാവുകയാണ്. ഹനാനെ സഹായിക്കാനായി നാട്ടുകാര്‍ പിരിച്ചുനല്‍കിയ തുക ദുരിതബാധിതര്‍ക്ക് നല്‍കിയിരിക്കുകയാണ് ഈ കൊച്ചുപെണ്‍കുട്ടി.

ഒന്നരലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹനാന്‍ സംഭാവന ചെയ്തത്. അതേസമയം സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ ജനം വലയുകയാണ്. ഞായറാഴ്ചവരെ കനത്തമഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതിജാഗ്രത വേണ്ടതിനാല്‍ എട്ടുജില്ലകളില്‍ വെള്ളിയാഴ്ച റെഡ് അലര്‍ട്ടും മൂന്നുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.