ദൃശ്യം 2 സെറ്റ് നിർമാണം തടഞ്ഞ് ഹരിതമിഷൻ, ഇരുപത്തി അയ്യായിരം രൂപ പിഴ

മോഹൻലാൽ നായകനായി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം രണ്ടാംപതിപ്പിന്റെ ചിത്രീകരണം പുരോ​ഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രീകരണത്തിനായി സെറ്റ് നിർമ്മിച്ചത് പച്ചത്തുരുത്ത് പദ്ധതി പ്രദേശം കൈയ്യേറിയാണെന്ന് വ്യാപക അക്ഷേപമുയരുന്നു. ഇടുക്കി തൊടുപുഴയിൽ കുടയത്തൂർ കൈപ്പകവലയിലെ സർക്കാർ ഭൂമിയിലെ സംരക്ഷിത വന പ്രദേശം കൈയ്യേറിയെന്നാണ് പരാതിയിൽ പറയുന്നത്. പഞ്ചായത്തിന്റെ പരാതിയെ തുടർന്ന് ജില്ലാ കളക്ടർ ഇടപെട്ടു. ഇരുപത്തി അയ്യായിരം രൂപ കെട്ടിവെയ്ക്കാൻ ജില്ലാ കളക്ടർ നിർദേശിച്ചു.

പച്ചത്തുരുത്ത് പദ്ധതി പ്രദേശമാണെന്ന് അറിയാതെയായിരുന്നു സെറ്റിട്ടതെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകരുടെ വിശദീകരണം. മൂവാറ്റുപുഴവാലി ഇറിഗേഷൻ പദ്ധതി പ്രദേശത്ത് ചിത്രീകരണാനുമതി വാങ്ങിയിരുന്നു. മരത്തൈകള് നശിപ്പിക്കാതെ ചിത്രീകരണം തുടരുമെന്ന് ഉറപ്പ് നൽകി. ദൃശ്യം ആദ്യപതിപ്പിലെ പൊലീസ് സ്റ്റേഷൻ സെറ്റിട്ട പ്രദേശത്താണ് പുതിയ സെറ്റും നിർമ്മിച്ചത്. ഇവിടെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ സഹായത്തോടെ മരത്തൈകൾ നട്ട് പരിപാലിക്കുന്നുണ്ടായിരുന്നു. ഇവിടെയാണ് സിനിമയ്ക്കായി സെറ്റിട്ടത്. കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഹരിത മിഷൻ പ്രവർത്തകരെത്തി സെറ്റ് നിർമ്മാണം തടയുകയായിരുന്നു.

ആറ് വർഷത്തിനു ശേഷമാണ് ദ്യശ്യത്തിന്റെ രണ്ടാം പതിപ്പ് ഒരുക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്. മോഹൻലാൽ, മീന, അൻസിബ, എസ്തർ എന്നിവർ തന്നെയാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുക. സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്, ആദം അയൂബ്, അഞ്ജലി നായർ, അജിത് കൂത്താട്ടുകുളം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ബോക്‌സ് ഓഫീസിൽ വൻ വിജയം കൊയ്ത 2013 ൽ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതും ജീത്തു ജോസഫാണ്.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് രണ്ടാം ഭാഗവും നിർമിക്കുന്നത്. വരുണിന്റെ മരണവും അതിന് ശേഷമുള്ള സംഭവ വികാസങ്ങൾക്കും ശേഷമുള്ള ജോർജുകുട്ടിയുടേയും കുടുംബത്തിന്റേയും ജീവിതമാണ് ദൃശ്യം 2 വിലൂടെ പറയുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കിയിരുന്നു. നിരവധി വൈകാരിക മുഹൂർത്തങ്ങളും സസ്‌പെൻസുമൊക്കെ കോർത്തിണക്കിയായിരിക്കും രണ്ടാം ഭാഗം പ്രേക്ഷകർക്ക് മുന്നിൽ എത്തുക.

സംഗീതം അനിൽ ജോൺസൺ, സതീഷ് കുറുപ്പാണ് ഛായാഗ്രാഹകൻ. എഡിറ്റിങ് വിനായകൻ. കലാസംവിധാനം -രാജീവ് കോവിലകം. നിശ്ചലമായാഗ്രഹണം -ബെന്നറ്റ്. മേക്കപ്പ്ജിതേഷ് പൊയ്യ . കോസ്റ്റ്യും ഡിസൈൻ ലിൻഡ ജീത്തു. അസ്സോസ്സിയേറ്റ് ഡയറക്ടർ സുധീഷ് രാമചന്ദ്രൻ. സഹസംവിധാനം – സോണി കുളക്കട, അർഷാദ് അയൂബ്. പ്രൊഡക്‌ഷൻ കൺട്രോളർ.സിദ്ദു പനയ്ക്കൽ. പ്രൊഡക്‌ഷൻ എക്സികുട്ടീവ്: സേതു അടൂർ, പ്രൊഡക്‌ഷൻ മാനേജർ. പ്രണവ് മോഹൻ. ഫിനാൻസ് കൺട്രോളർ ശശിധരൻ കണ്ടാണിശ്ശേരിൽ. കൊച്ചി, തൊടുപുഴ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകുന്ന ഈ ചിത്രം ആശീർവാദ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.