പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ബസിൽ കയറാൻ കൂട്ടയിടി; നിയന്ത്രിക്കാൻ സംവിധാനങ്ങളില്ലെന്ന് പരാതി

ശബരിമല : ശബരിമലയിൽ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് യാത്ര ചെയ്യാൻ തയ്യാറാക്കിയിട്ടുള്ള കെ.എസ്.ആർ. ടി.സി. ബസുകളിൽ കയറാൻ വൻ തിരക്ക്. ഈ തിരക്ക് മുന്നിൽ കണ്ട് യാതൊരു സംവിധാങ്ങളും അധികൃതർ ഒരുക്കിയിട്ടില്ല. കൊച്ചുകുട്ടികൾ അടക്കമുള്ള ഭക്തർ ബസ്സിൽ കയറാൻ ശ്രമിക്കുമ്പോൾ തിരക്ക് കാരണം പരിക്ക് പറ്റുന്ന അവസ്ഥയാണുള്ളതെന്നാണ് പരാതിയുയരുന്നത്. നിലയ്‌ക്കലിൽ നിന്ന് ബസ്സുകളിൽ കയറാൻ ക്യൂ സംവിധാനം ഒരുക്കുന്ന ദേവസ്വം ബോർഡ് പമ്പയിൽ തിരിച്ചു കയറുന്നിടത്ത് ഈ സംവിധാനം ഒരുക്കുന്നില്ല.

ഇതുമായി ബന്ധപ്പെട്ട് പരാതി നൽകാൻ ഭക്തർ പോലീസിനെയും കെഎസ്ആർടിസിയെയും സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. ദേവസ്വം ബോർഡിന്റെ കൃത്യമായ ഇടപെടൽ ഇല്ലാത്തത് കാരണമാണ് ഈ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഭക്തരെ നിയന്ത്രിക്കാനോ, ക്യൂ സംവിധാനമൊരുക്കി അവരെ ബസിൽ കയറ്റാനോ ഇവിടെ സജ്ജീകരണങ്ങൾ ഒന്നും തന്നെയില്ല. പമ്പയിൽ നിന്നുള്ള ബസ് സർവീസ് കൃത്യ സമയത്ത് നടക്കുന്നില്ല എന്ന പരാതിയും ഉയർന്നു.

പരാതിയുമായി ഭക്തർ പോലിസിന്റെ പക്കൽ എത്തിയെങ്കിലും തങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നാണ് പോലീസിന്റെ നിലപാട്. കെഎസ്ആർടിസി ബസ് സർവീസ് ഭക്തരുടെ ആവശ്യപ്രകാരം തയ്യാറാക്കേണ്ടതും ഏകോപിപ്പിക്കേണ്ടതും ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്വമാണെന്ന് പോലീസും കെഎസ്ആർടിസി അധികൃതരും പറയുന്നുണ്ട്. എന്നാൽ ഇത് കൈകാര്യം ചെയ്യാൻ ദേവസ്വം ബോർഡ് ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് പരാതി.