‘ഉറങ്ങുന്ന അധ്യക്ഷനെ ഇപ്പോഴും ആവശ്യമുണ്ടോ?’; മുല്ലപ്പള്ളി രാമചന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈബി ഈഡന്‍‍

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയ കനത്ത പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പാര്‍ട്ടിയിലും യുഡിഎഫിലും രൂക്ഷ വിമര്‍ശനം നടക്കുന്നതിനിടയില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഒളിയമ്ബുമായി ഹൈബി ഈഡന്‍ എംപി.തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് ഹൈബി ഈഡന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഒളിയമ്ബ് എയ്തിരിക്കുന്നത്.

എന്തിനാണ് ഇനിയും നമുക്ക് ഉറങ്ങുന്ന പ്രസിഡന്റിന്റെ ആവശ്യം എന്നാണ് ഹൈബി ഈഡന്‍ എംപിയുടെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നത്. അതേ സമയം കോണ്‍ഗ്രസില്‍ അഴിച്ചു പണി വേണമെന്നാവശ്യവുമായി കഴിഞ്ഞ ദിവസം മുതല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളടക്കം പലരും പരസ്യമായി രംഗത്തു വന്നു കഴിഞ്ഞു.ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഹൈബി ഈഡന്റെയും ഫേസ് ബുക്ക് പോസ്റ്റ്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്രയും വലിയ പരാജയം ഏറ്റവാങ്ങേണ്ടി വരുമെന്ന് സ്വപ്‌നത്തില്‍ പോലും കോണ്‍ഗ്രസ് നേതാക്കളോ അണികളോ പ്രതീക്ഷിച്ചിരുന്നില്ല.2016 ലേക്കാള്‍ വലിയ പരാജയമാണ് കോണ്‍ഗ്രസിനും യുഡിഎഫിനു ഏറ്റു വാങ്ങേണ്ടി വന്നത്.ഈ സാഹചര്യത്തില്‍ നിലവിലെ നേതൃത്വം മാറണമെന്നാണ് നേതാക്കളുടെയും അണികളുടെയും ആവശ്യം.