വര്‍ധിപ്പിച്ച ബസ് നിരക്ക് തല്‍ക്കാലം തുടരണമെന്ന് ഹൈക്കോടതി; സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ

കോവിഡ് പശ്ചാത്തലത്തില്‍ വര്‍ധിപ്പിച്ച ബസ് നിരക്ക് തല്‍ക്കാലം തുടരണമെന്ന് ഹൈക്കോടതി. ബസ് നിരക്ക് കൂട്ടിയ ഉത്തരവ് പിന്‍വലിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കൂട്ടിയ ബസ് നിരക്ക് ഉടമകള്‍ക്ക് ഈടാക്കാം. ബസ് ഉടമ ജോണ്‍സണ്‍ പയ്യപ്പിള്ളി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എ.ജയശങ്കരന്‍ നമ്ബ്യാരുടെ ഉത്തരവ്.

ബസുകളില്‍ സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായി നിരക്ക് സര്‍ക്കാര്‍ 50 ശതമാനം കൂട്ടിയിരുന്നു. ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പിന്നീട് നിരക്ക് കുറച്ച്‌ ഉത്തരവിറക്കി. ഇതിനുപിന്നാലെയാണ് നിരക്ക് വര്‍ധന പിന്‍വലിച്ചതു മൂലം സര്‍വീസ് നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്.

സര്‍ക്കാര്‍ ഉത്തരവ് കോടതി റദ്ദാക്കിയിട്ടില്ല. ഉത്തരവിന് താല്‍ക്കാലിക സ്റ്റേ മാത്രമാണ് നല്‍കിയത്. നിരക്ക് സംബന്ധിച്ച്‌ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ നല്‍കിയിട്ടുള്ള നിവേദനം ജസ്റ്റിസ് എം.രാമചന്ദ്രന്‍ കമ്മിറ്റി പഠിച്ച്‌ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണം. ഇതിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണം. അതുവരെ സ്റ്റേ നിലനില്‍ക്കും.