ശബരിമലയിലേക്ക് ഹെലികോപ്ടർ സർവീസിന് പരസ്യം ചെയ്ത കമ്പനിക്കെതിരെ ഹൈക്കോടതി

കൊച്ചി. ഹെലികോപ്റ്റര്‍ സര്‍വീസ് ശബരിമലയിലേക്ക് നടത്താന്‍ പരസ്യം ചെയ്ത കമ്പനിക്കെതിരെ ഹൈക്കോടതി.കടുത്ത വിമര്‍ശനമാണ് കോടകതി സ്ഥാപനത്തിനെതിരെ നടത്തിയത്. വിഷയം ചെറുതായി കാണാനാകില്ലെന്ന് പറഞ്ഞ ഹൈക്കോടതി ശബരിമല എന്ന പേര് ഉപയോഗിക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കി. വിഷയത്തില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ദേവസ്വം ബോര്‍ഡും കേന്ദ്രവും സമയം ചോദിച്ചു.

തുടര്‍ന്ന് കേസ് ഹൈക്കോടതി ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി. കൊച്ചിയില്‍ നിന്ന് നിലയ്ക്കലിലേക്ക് ഹെലികോപ്റ്റര്‍ സേവനവും അവിടെ നിന്ന് പമ്പയിലേക്കും സന്നിധാനത്തേക്കും ഡോളി സേവനവുമാണ് ഹെലി കേരള കമ്പനി വാഗ്ദാനം ചെയ്തത്. ഇത് ശ്രദ്ധയില്‍പ്പെട്ട കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. വിഐപി ദര്‍ശനം വാഗ്ദാനം ചെയ്ത കാക്കനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.

സംഭവം ഗുരുതരമാണെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരും സ്വീകരിച്ചത്. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് ശനിയാഴ്ച സ്പെഷല്‍ സിറ്റിങ് നടത്തിയ കോടതി കമ്പനിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. പരസ്യം പിന്‍വലിച്ചുവെന്നാണ് കമ്പനി അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ദേവസ്വം ബോര്‍ഡ് അനുമതി തേടിയില്ലെന്നും പറഞ്ഞിരുന്നു.