ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി മാറ്റി

കൊച്ചി:  നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന് ഗൂഢാലോചന നടത്തിയെന്ന കേസില് നടന് ദിലീപിന്റെ മുന്‍കൂര്‍  ജാമ്യ ഹരജി പരിഗണിക്കുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്റി. ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ദിലീപിനെ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

നേരത്തെ തിങ്കളാഴ്ച പരിഗണിച്ച ഹരജി ദിലീപിന്റെ അഭിഭാഷകന് കൊവിഡ് മൂലം എത്താനാവാത്തതിനെ തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിയത്. ഉദ്യോഗസ്ഥര്‍ക്കെതിരെ വധഭീഷണി മുഴക്കിയതിന് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തതിനെ തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും കോടതിയെ സമീപിച്ചിരുന്നു.

വെള്ളിയാഴ്ച വരെ അറസ്റ്റുണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാനിരിക്കെയാണ് പുതിയ കേസുണ്ടായത്. അന്വേഷണ ഉദ്യോഗസ്ഥന്‍ മെനഞ്ഞെടുത്ത കഥയാണ് പുതിയ ആരോപണങ്ങള്‍ എന്ന് ദിലീപ് കോടതിയില്‍ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ താന്‍ പരാതി നല്‍കിയതിന്റെ പ്രതികാര നടപടിയായാണ് കേസിന് പിന്നിലെന്നും ഹരജിയില്‍ ദിലീപ് ആരോപിച്ചിരുന്നു.

കേസിലെ മറ്റ് പ്രതികളും ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ദിലീപിന്റെ ബന്ധു അപ്പു സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഇന്നലെ ഹരജി നല്‍കിയത്.