ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാമ്പ് ജൂണ്‍ ഒന്നിന് ആരംഭിക്കും

2021 മാര്‍ച്ചിലെ ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യ നിര്‍ണയ ക്യാമ്പുകള്‍ ജൂണ്‍ ഒന്നിന് ആരംഭിക്കും. ജൂണ്‍ 19 ന് പൂര്‍ത്തീകരിക്കുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 79 ക്യാമ്പുകളിലായി 26447 അധ്യാപകരേയും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 8 ക്യാമ്പുകളിലായി 3031 അധ്യാപകരേയുമാണ് മൂല്യനിര്‍ണയത്തിനായി നിയോഗിച്ചിട്ടുള്ളത്.

ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലൈ 7 വരെയുള്ള തിയതികളിലായി ക്രമീകരിച്ച് നടത്തുന്നതാണ്. പൊതു പരീക്ഷകളുടെ മൂല്യനിര്‍ണയവും പ്രായോഗിക പരീക്ഷകളും സംബന്ധിച്ചുള്ള സംക്ഷിപ്ത രൂപം ചുവടെ ചേര്‍ക്കുന്നു.

അതേസമയം 2021 മാര്‍ച്ചിലെ എസ്എസ്എല്‍സി/ടി.എച്ച്എസ്എല്‍സി പരീക്ഷകളുടെ മൂല്യനിര്‍ണയ ക്യാമ്പുകള്‍ ജൂണ്‍ 7ന് ആരംഭിച്ച് 16 പ്രവര്‍ത്തി ദിവസങ്ങള്‍ എടുത്ത് ജൂണ്‍ 25 ന് പൂര്‍ത്തീകരിക്കുന്നതാണ്. എസ്എസ്എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണയത്തിനായി 70 ക്യാമ്പുകളിലായി 12512 അദ്ധ്യാപകരേയും ടിഎച്ച്എസ്എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണയത്തിനായി രണ്ട് ക്യാമ്പുകളിലായി 92 അധ്യാപകരേയുമാണ് നിയോഗിച്ചിട്ടുള്ളത്. എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി പരീക്ഷകളുമായി ബന്ധപ്പെട്ട പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒഴിവാക്കുവാനാണ് നിലവില്‍ തീരുമാനമെടുത്തിരിക്കുന്നത്.