വീട്ടമ്മയുടെ മൂന്നര പവൻ സ്വർണം ഹോം നഴ്‌സ് എടുത്ത് കാമുകന് കൊടുത്തു, ഇരുവരും പിടിയിൽ

ഇലവുംതിട്ട:വയോധികയുടെ സ്വർണ്ണ മാലയും വളയും മോഷ്ടിച്ച കേസിൽ ഹോം നഴ്‌സും കാമുകനും പൊലീസ് പിടിയിൽ.കൊല്ലമുള കൊച്ചുപറമ്പിൽ രജനി മാധവൻ(24),നെയ്യാറ്റിൻകര സ്വദേശി എസ്.ബയാസ്(20)എന്നിവരെയാണ് പിടികൂടിയത്.സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.ആദ്യം ചോദ്യം ചെയ്ത രജനി കുറ്റം നിഷേധിക്കുകയായിരുന്നു

ഓമല്ലൂർ ചീക്കനാൽ വട്ടയത്തിൽ തൈക്കൂട്ടത്തിൽ പൊന്നമ്മയുടെ(78)മൂന്നര പവൻ വരുന്ന സ്വർണമാലയും വളയുമാണ് മോഷ്ടിച്ചത്.ജില്ലാ പൊലീസ് മേധാവിക്ക് പൊന്നമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹോം നഴ്‌സായ രജനിയെ പോലീസ് ചോദ്യം ചെയ്തിരുന്നു.താൻ എടുത്തിട്ടില്ല എന്നായിരുന്നു രജനിയുടെ മൊഴി.അന്വേഷണത്തിൽ രജനി ബയാസിനെ വിളിക്കാറുണ്ടെന്ന് പോലിസ് കണ്ടെത്തി

പൊലീസ് നിരീക്ഷണം തുടങ്ങിയതോടെ ഇയാൾ മൊബൈൽ ഫോണും ഓഫ് ചെയ്ത് എറണാകുളത്തേക്ക് കടന്നു.അവിടെ ഒരു ഹോട്ടലിൽ സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്ന ബയാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് സ്‌റ്റേഷനിൽ കൊണ്ടു വന്ന് ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തു വന്നത്.രജനി വിളിച്ചതിൻ പ്രകാരം ബയാസ് ഈ വീട്ടിലെത്തി.വാതിലുകൾ എല്ലാം ഇയാൾക്ക് തുറന്നു കൊടുത്തിരുന്നു.വൈകിട്ട് കിടന്നുറങ്ങുകയായിരുന്ന വയോധികയുടെ ആഭരണം രജനി എടുത്ത് ബയാസിനെ ഏൽപ്പിക്കുകയായിരുന്നു.ആഭരണം പത്തനംതിട്ടയിലെ സ്വകാര്യ ബാങ്കിൽ പണയം വച്ച്‌ കിട്ടിയ പണം കൊണ്ട് ബയാസ് അടിച്ചു പൊളിച്ചു.പണയം വച്ച സ്വർണവും വീണ്ടെടുത്തിട്ടുണ്ട്