സുന്ദരികളുടെ ചിത്രങ്ങള്‍ കാണിച്ച് മയക്കും, കെണിയില്‍ വീണുപോയാല്‍ നഷ്ടമാകുന്നത് പതിനായിരങ്ങള്‍

സുന്ദരികളുടെ ഫോട്ടോ കാട്ടി തല്‍പര കക്ഷികളില്‍ നിന്നും പണം തട്ടുന്ന സംഘങ്ങള്‍ കണ്ണൂരിലും വ്യാപകമാവുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ നിരവധി ആളുകള്‍ക്കാണ് ഇത്തരത്തില്‍ പണം നഷ്ടമായത്. മണിക്കൂറിന് 3000, ഒരു രാത്രി 8000 എന്നിങ്ങനെ വിവിധ പാക്കേജുകളാണ് സംഘം മുമ്‌ബോട്ടു വയ്ക്കുന്നത്.

സുന്ദരികളുടെ അഴകളവുകള്‍ ഒത്ത പടങ്ങള്‍ കണ്ട് വീണുപോയാല്‍ തീര്‍ന്നു. പിന്നെ പണം പോകുന്ന വഴി അറിയില്ല. പരാതിയുമായി പോകാനാണ് ഭാവമെങ്കില്‍ പിന്നെ സ്വരം ഭീഷണിയുടേതാവും. ലക്ഷക്കണക്കിന് രൂപയാണ് സംഘം ഇത്തരത്തില്‍ തട്ടിയിരിക്കുന്നത്. ആവശ്യക്കാരെ ഹോട്ടലിലേക്ക് ആകര്‍ഷിച്ച ശേഷം ഹോട്ടല്‍ റൂമില്‍ വച്ച് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടുന്നതാണ് രീതി. നാണക്കേട് ഭയന്ന് ആരും കേസുമായി മുമ്പോട്ടു പോകാത്തത് ഇത്തരക്കാര്‍ വളവുമാകുന്നു.

പെണ്‍കുട്ടികളുടെ ചിത്രം അയച്ചു നല്‍കിയതിനു ശേഷം മുന്‍കൂറായി പണമടയ്ക്കാന്‍ നിര്‍ദ്ദേശിക്കും. കാഷ് ഡിപ്പോസിറ്റിംഗ് മെഷീന്‍ വഴി പണം അടയ്ക്കാനാണ് ഇവര്‍ കൂടുതലായും ആവശ്യപ്പെടുന്നത്. ഇതിനു ശേഷം അവര്‍ സ്ലിപ് വാട്‌സ്ആപ്പ് അയച്ചു കൊടുക്കാന്‍ അവര്‍ ആവശ്യപ്പെടും. എന്നാല്‍ പണം അടച്ചു കഴിഞ്ഞാല്‍ എന്തു സ്ലിപ് അയച്ചു കൊടുത്തിട്ടും കാര്യമില്ല. പിന്നെ വിളിച്ചാല്‍ അവര്‍ ഫോണെടുക്കില്ല. ഇതുമായൊന്നും യാതൊരു ബന്ധവുമില്ലാത്ത പെണ്‍കുട്ടികളുടെ ഫോട്ടോയാണ് ഇവര്‍ ഇരകളെ വീഴ്ത്താന്‍ ഉപയോഗിക്കുന്നത്. സോഷ്യല്‍ മീഡിയയിലും മറ്റും പെണ്‍കുട്ടികള്‍ പങ്കുവയ്ക്കുന്ന ഫോട്ടോകളാണ് ഇത്തരക്കാര്‍ ദുരുപയോഗം ചെയ്യുന്നത്.