വിവാഹച്ചടങ്ങിനിടെ തേനീച്ച ആക്രമണം, പന്ത്രണ്ടോളം പേര്‍ക്ക് പരിക്ക്, ചികിത്സ തേടി

ഭോപ്പാല്‍ : വിവാഹച്ചടങ്ങിനെത്തിയ അതിഥികള്‍ക്ക് നേരെ തേനീച്ച ആക്രമണം. മധ്യപ്രദേശില്‍ ഗുണ ജില്ലയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

വിവാഹച്ചടങ്ങ് ഹോട്ടലിന്റെ ഗാര്‍ഡനില്‍ പുരോഗമിക്കുന്നതിനിടെയാണ് തേനീച്ചകള്‍ കൂട്ടമായി എത്തി അതിഥികളെ ആക്രമിക്കുകയായിരുന്നു. ഇതേ ഹോട്ടലിന്റെ മേല്‍ക്കൂരയിലുണ്ടായിരുന്ന തേനീച്ചക്കൂട്ടില്‍നിന്നാണ് ഇവ കൂട്ടമായി ആക്രമിക്കാനെത്തിയത്.

കടിയേറ്റ അതിഥികൾ പരിഭ്രാന്തരായി ഓടി. ആക്രമണത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റു . ഇവരില്‍ ഗുരുതരമായി പരിക്കേറ്റ ചിലര്‍ നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ ഹോട്ടല്‍ മാനേജ്‌മെന്റ് സ്വീകരിച്ചിരുന്നോ എന്ന് പരിശോധിക്കുന്നുണ്ട്.