ആലപ്പുഴയില്‍ ഹൗസ് ബോട്ടുകളില്‍ പരിശോധന, ഒരു ബോട്ട് പിടിച്ചെടുത്തു

ആലപ്പുഴ. തുറമുഖ വകുപ്പ് ആലപ്പുഴയിലെ ഹൗസ് ബോട്ടുകളില്‍ വ്യാപക പരിശോധന നടത്തുന്നു. മതിയായ സുരക്ഷയില്ലാതെ പ്രവര്‍ത്തിക്കുന്ന 15 ബോട്ടുകള്‍ക്ക് നോട്ടീസ് നല്‍കി. ഇതില്‍ ഒരു ബോട്ട് തുറമുഖ വകുപ്പ് പിടിച്ചെടുത്തു. പള്ളാത്തുരുത്തി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ബോട്ട് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ബോട്ട് അനധികൃതമായി പ്രവര്‍ത്തക്കുന്നതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് നടപടി.

പിടിച്ചെടുത്ത ബോട്ടിന് നിയമപരമായി ഒരു രേഖയും ഉണ്ടായിരുന്നില്ല. ഇതിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് മാത്രമാണ് ലൈസന്‍സ് ഉണ്ടായിരുന്നത്. പുന്നമടയിലെ 60 ശതമാനം ബോട്ടുകള്‍ക്കും ലൈസന്‍സില്ലെന്നാണ് വിവരമെന്ന് പരിശോധന നടത്തിയ സംഘം പറയുന്നു. പരിശോധനയ്ക്ക് ശേഷം ഇവ എല്ലാം പിടിച്ചെടുക്കുമെന്നും അവര്‍ വ്യക്തമാക്കി.