ഗ്യാസ് സിലിണ്ടറിലെ തീ പടർന്ന് വീട്ടമ്മ മരിച്ചത് കൊലപാതകം ? മുറികളിൽ രക്തക്കറ

ഇടുക്കി. ഇടുക്കിയിലെ നാരകക്കാനത്ത് ഗ്യാസ് സിലിണ്ടറിലെ തീ പടർന്ന് വീട്ടമ്മ മരിച്ചത് കൊലപാതകമെന്നു സൂചന നൽകുന്ന വിവരങ്ങൾ പുറത്ത്. വീടിനുള്ളിൽ നിന്നും രക്തകറകൾ കണ്ടെത്തിയതോടെ സംഭവത്തിൽ കൂടുതൽ ദുരൂഹതയുള്ളതായി പോലീസ് വ്യക്തമാക്കി. നാരകക്കാനം കുമ്പിടിയാമാക്കൽ ചിന്നമ്മ ആന്റണി (64 ) ആണ് മരണപ്പെട്ടത്.

മുറികളിൽ പലയിടങ്ങളിലും രക്തകറകൾ കണ്ടെത്തിയിട്ടുണ്ട്. തീ പടർന്ന് വീടിനോ വസ്തുവകകൾക്കോ നാശം സംഭവിച്ചിട്ടില്ല. ഇത് രണ്ടും ആസൂത്രിതമായ കൊലപാതകം എന്ന നിഗമനത്തിൽ പോലീസ് എത്തിയിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായും സംഭവസ്ഥലം സന്ദർശിച്ച ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ട് വി.യു. കുര്യാക്കോസ് പറയുകയുണ്ടായി.

സംശയാസ്പദമായ നിരവധി സാഹചര്യങ്ങൾ സംഭവത്തിൽ ഉണ്ടെന്നും അതേസമയം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൊലപാതകം എന്നത് സ്ഥിരീകരിക്കാൻ കഴിയു എന്നും പോലീസ് സൂപ്രണ്ട് വ്യക്തമാക്കിയിട്ടുണ്ട്. ചിന്നമ്മയുടെ അവശേഷിക്കുന്ന ശരീരഭാഗങ്ങൾ സംഭവസ്ഥലത്ത് തന്നെ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കി. വരും ദിവസങ്ങളിൽ സമീപവാസികളെ ഉൾപ്പെടെ വിശദമായി ചോദ്യംചെയ്ത് കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം ആണ് കേസ് അന്വേഷിക്കുന്നത്.