വീട്ടിലെത്താന്‍ 50 മീറ്ററുകള്‍ മാത്രം ബാക്കി, ലോറി ദേഹത്തേക്ക് മറിഞ്ഞ് വീണ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

കടമ്പഴിപ്പുറം: ഒരു നാടിനെ മുഴുവന്‍ സങ്കട കടലില്‍ ആഴ്ത്തിയിരിക്കുകയാണ് ലോറി മറിഞ്ഞുണ്ടായ അപകടം. ലോറി മറിഞ്ഞ് വീണപ്പോള്‍ അതിനടിയില്‍ പെട്ട് ദമ്പതികള്‍ ദാരുണമായി മരിക്കുകയായിരുന്നു. വീട്ടിലെത്താന്‍ വെറും അമ്പത് മീറ്റര്‍ മാത്രം ശേഷിക്കെ ആണ് ദമ്പതികള്‍ മേല്‍ ഇത്തരം ഒരു ദുരന്തം സംഭവിച്ചത്. കല്ലുവഴി വള്ളിക്കാട്ട് വീട്ടില്‍ ഗോപാലകൃഷ്ണന്‍ എന്ന 50കാരനും ഭാര്യ സജിതയെന്ന 45കാരിയുമാണ് ഇന്നലെ ലോറി ദേഹത്തേക്ക് മറിഞ്ഞ് വീണ് മരണപ്പെട്ടത്.

സിമന്റ് കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗോപാലകൃഷ്ണനും സജിതയും സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിന് മുകളിലേക്ക് ആണ് ലോറി മറിഞ്ഞ് വീണത്. ലോറിക്ക് അടിയില്‍ പെട്ട ഗോപാലകൃഷ്ണനും സജിതയും തല്‍ക്ഷണം മരിച്ചു. ഇരുചക്രവാഹനത്തിന്റെ നമ്പര്‍ പരിശോധിച്ചാണ് ലോറിക്ക് അടിയില്‍ പെട്ടത് ആരാണെന്ന് തിരിച്ചറിഞ്ഞത്.

ഇന്നലെ രാത്രി ഒമ്പത് മണിയോടെ ആണ് ദാരുണമായ സംഭവം ഉണ്ടായത്. പുഞ്ചപ്പാടം വളവിലാണ് സംഭവം നടന്നത്. വിവരം അറിഞ്ഞ് മണ്ണാര്‍ക്കാട് നിന്നും എത്തിയ അഗ്നിരക്ഷാ സേന ക്രെയിന്‍ ഉപയോഗിച്ച് ലോറി പൊക്കിമാറ്റിയ ശേഷമാണ് മൃതദേഹങ്ങള്‍ പുറത്ത് എടുത്തത്.

ഗോപാലകൃഷ്ണനും സജിതയും കല്ലുവഴി സ്വദേശികളാണ്. കുറച്ച് കാലമായി പുഞ്ചപ്പാടത്താണ് ഇവര്‍ താമസിച്ച് വന്നത്. കല്ലുവഴിയിലെ വീട്ടില്‍ പോയ ശേഷം തിരികെ മടങ്ങി പോകവെയാണ് അപകടം സംഭവിച്ചത്. പാലക്കാട് ഭാഗത്തു നിന്നും ചെര്‍പ്പുളശ്ശേരിയിലേക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തിന് ശേഷം ലോറി ഡ്രൈവര്‍ രക്ഷപ്പെട്ടു. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മക്കള്‍: ശ്രുതി, ശ്രീരാഗ്.