ഭര്‍ത്താവ് മരിച്ച സങ്കടം സഹിക്ക വയ്യാതെ മണിക്കൂറുകള്‍ക്കുള്ളില്‍ ഭാര്യയും മരിച്ചു

കോട്ടയം: ഭര്‍ത്താവ് മരിച്ച സങ്കടം സഹിക്കാനാവാതെ ആറ് മണിക്കൂറുകള്‍ക്ക് ശേഷം ഭാര്യയും മരിച്ചു. കോട്ടയം നാട്ടകം ചെട്ടിക്കുന്ന് ശിവപാര്‍വതിയില്‍ എന് രാമദാസ് ആണ് കഴിഞ്ഞ ദിവസം മരിച്ചത്. 63 വയസായിരുന്നു. ഭര്‍ത്താവിന്റെ മരണത്തില്‍ സങ്കടം സഹിക്ക വയ്യാതെ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഭാര്യ സെല്‍വി രാമദാസ് എന്ന 59കാരിയും മരിക്കുകയായിരുന്നു.

തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ രാമദാസിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരണം സംഭവിച്ചു. രാമദാസിന് വയ്യാതായതോടെ സെല്‍വി ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു. രാത്രിയാണ് ഇവരെ മരണ വാര്‍ത്ത അറിയിക്കുന്നത്. ഇതോടെ സെല്‍വി കൂടുതല്‍ മാനസിക സമ്മര്‍ദ്ദത്തിലായി. ഒടുവില്‍ അസ്വസ്ഥത അനുഭവപ്പെട്ട സെല്‍വി രാത്രി 12.30ഓടെ മരണപ്പെടുകയായിരുന്നു.

രാമദാസിന്റെയും സെല്‍വിയുടെയും മൃതദേഹം ഇന്നലെ വീട്ടില്‍ എത്തിച്ചു. പൊതു ദര്‍ശനം അടക്കമുള്ള ചടങ്ങുകള്‍ക്ക് ശേഷം വൈകുന്നേരം നാല് മണിയോടെ സംസ്‌കരിച്ചു. മറിയപ്പള്ളിയില്‍ അഖില്‍ ഫാഷന്‍ എന്ന ടെക്‌സ്റ്റൈയില്‍സ് ഷോപ്പിന്റെ ഉടമയായിരുന്നു രാമദാസ്. ഇപ്പോള്‍ ടെക്‌സ്റ്റൈല്‍സ് മാര്‍ക്കറ്റിങ് നടത്തി വരികയായിരുന്നു. മക്കള്‍: അഖില്‍, ആതിര. മരുമക്കള്‍: അമിത, ശക്തി.