ഭാര്യയുടെ മൃതദേഹം ചാക്കിലാക്കി ചുമന്ന് ഭര്‍ത്താവ്; ഒടുവില്‍ സഹായത്തിനെത്തി പോലീസ്

ബെംഗളൂരു. ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹം ചാക്കില്‍ കെട്ടി ചുമന്ന് ഭര്‍ത്താവ്. കര്‍ണാടക ചാമരാജ് ഗനര്‍ സ്വദേശി രവിയാണ് ഭാര്യ കല്ലമ്മയുടെ മൃതദേഹം ചുമന്നത്. തെരുവില്‍ ആക്രിവിറ്റ് ജീവിക്കുന്ന ഇരുവരും റോഡരികിലാണ് താമസിച്ചിരുന്നത്. റോഡരികിലെ കുടിലില്‍ കഴിഞ്ഞ ദിവസമാണ് കല്ലമ്മ മരിച്ചത്.

തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കുവാന്‍ പലരോടും രവി സഹായം തേടി. ആംബുലന്‍സ് വിളിക്കുവാന്‍ പണമില്ലെന്നും സഹായിക്കണമെന്നും അഭ്യര്‍ഥിച്ചു. എന്നാല്‍ ആരും സഹായിച്ചില്ല. ഒടുവില്‍ ഗതികെട്ടാണ് രവി ചാക്കില്‍ തന്റെ ഭാര്യയുടെ മൃതദേഹം കയറ്റിചുമന്ന് സംസ്‌ക്കരിക്കുവാന്‍ കൊണ്ടു പോയത്. സംഭവം അറിഞ്ഞ് എത്തിയ പോലീസ് കല്ലമ്മയുടെ പോസ്റ്റ് മോര്‍ട്ടം ഉള്‍പ്പെടെ നടത്തി. മരണത്തില്‍ ദുരൂഹതയൊന്നും ഇല്ലാത്തതിനാല്‍ പോലീസിന്റെ സഹായത്തോടെ രവി ഭാര്യയുടെ മൃതദേഹം സംസ്‌ക്കരിച്ചു.