ദമ്പതികളുടെ മരണം, എല്ലാം ഫോണിലൂടെ മകൻ കണ്ടുകൊണ്ടിരുന്നു

തിരുവനന്തപുരം : കരേറ്റിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വീട്ടിൽ നടന്നതെല്ലാം മകൻ തത്സമയം ഫോണിലൂടെ കണ്ടിരുന്നു. ദമ്പതികളുടെ അസ്വാഭാവിക മരണം അറിഞ്ഞ ഞെട്ടലിലാണ് കാരേറ്റ് എന്ന പ്രദേശം. കാരേറ്റ് പേടികുളം പവിഴത്തിൽ എസ്.രാജേന്ദ്രൻ (62) , ഭാര്യ ശശികല (57) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊച്ചിയിൽ താമസിക്കുന്ന രാജേന്ദ്രന്റെ മകൻ അരുൺരാജ് മൊബൈൽ ഫോണിൽ വീട്ടിലെ സിസിടിവി ലിങ്ക് ചെയ്തിരുന്നു. വീട്ടിൽ അച്ഛനും രണ്ടാം ഭാര്യയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഫോണിലൂടെ കണ്ട മകൻ നാട്ടിലെ സുഹൃത്തിനെ വിവരം അറിയിച്ചു.

എന്നാൽ സുഹൃത്തും പോലീസും എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ശശികലയെ രാജേന്ദ്രൻ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. തോർത്ത് ചുറ്റി കഴുത്ത് ഞെരിച്ചും, തലയണ കൊണ്ട് ശ്വാസംമുട്ടിച്ചുമാണ് ശശികലയെ രാജേന്ദ്രൻ കൊലപ്പെടുത്തിയത്. റിട്ട. ഇറിഗേഷൻ ഉദ്യോഗസ്ഥനായ രാജേന്ദ്രന്റെ രണ്ടാം ഭാര്യയാണ് ശശികല. ശശികലയുടെ മൂന്നാം വിവാഹമാണ്. അഞ്ച്‌ വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്.