‘ആർഎസ്എസുമായുള്ള ബന്ധത്തിൽ ഞാൻ അഭിമാനിക്കുന്നു’ – ഗവർണർ

തിരുവനന്തപുരം. ആർഎസ്എസുമായുള്ള ബന്ധത്തിൽ താൻ എന്നും അഭിമാനിക്കുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആർഎസ്എസുമായി ഏറെ കാലമായി അടുത്ത ബന്ധമുണ്ട്. വിദ്യാഭ്യാസരംഗത്തെ ആർഎസ്എസിന്റെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണ് – ഗവർണർ പറഞ്ഞു. ഒരു ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗവർണർ ഇക്കാര്യം പറഞ്ഞത്.

‘ആർഎസ്എസുമായി 1986 മുതൽ അടുത്ത ബന്ധമുണ്ട്. വിദ്യാഭ്യാസ രംഗത്തെ സംഘടനയുടെ പ്രവർത്തനങ്ങളെ വളരെ ആരാധിക്കുന്ന ഒരാളാണ് ഞാൻ. പാർശ്വവൽക്കരിക്കപ്പെട്ടവരെ സമൂഹത്തിന് മുന്നിലേക്ക് കൊണ്ടുവരുന്നതിനായി ആർഎസ്എസ് നടത്തുന്ന ഏകൽ വിദ്യാലയ പദ്ധതികൾ അഭിനന്ദനാർഹമാണ്. യുവ തലമുറയ്‌ക്ക് വിദ്യാഭ്യാസം നൽകുന്നതിലൂടെ പുണ്യമായ ഒരു പ്രവൃത്തിയാണ് ആർഎസ്എസ് ചെയ്യുന്നത്. ആർഎസ്എസുമായുള്ള ബന്ധത്തിൽ താൻ എന്നും അഭിമാനിക്കുന്നു – ഗവർണർ പറഞ്ഞു.

മുൻ മന്ത്രി കെ ടി ജലീലിന്റെ ആസാദ് കശ്മീർപരാമർശത്തെ പാട്ടി വിമർശിച്ച് സംസാരിക്കവെ കെ.ടി.ജലീലിന്റെ പരാമർശങ്ങൾക്ക് പ്രാധാന്യം നൽകേണ്ട ആവശ്യമില്ലെന്നാണ് ഗവർണർ പറഞ്ഞത്. കശ്മീരിന്റെ ചരിത്രം ജലീലിന് അറിയില്ല. സ്വാതന്ത്ര്യ സമരത്തെപ്പറ്റി പോലും ജലീൽ ബോധവാനല്ല. കണ്ണൂരിൽ അക്രമങ്ങൾ അഴിച്ചു വിടുന്നതുപോലെ അല്ല ജനാധിപത്യരീതിയിൽ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയാണ് വേണ്ടത് – ഗവർണർ പറഞ്ഞു.