ഇടുക്കി സ്വദേശിനി ദക്ഷിണ കൊറിയയില്‍ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

ചെറുതോണി: പൊതുവെ 40 വയസ്സില്‍ അധികമുള്ളവരാണ് കുഴഞ്ഞു വീണ് മരിച്ചു എന്ന് കേള്‍ക്കുന്നത്.മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്കും ഈ രീതിയില്‍ മരണം ഉണ്ടായേക്കാം.40 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് മാത്രമല്ല ആര്‍ക്ക് വേണമെങ്കിലും ഇത്തരം മരണം സംഭവിക്കാം.28 വയസുള്ള ഇടുക്കി സ്വദേശിയാണ് ഇത്തരത്തില്‍ മരിച്ചത്.ദക്ഷിണ കൊറിയയില്‍ ഗവേഷക വിദ്യാര്‍ത്ഥിയായ യുവതിയാണ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചത്.ഇടുക്കി വാഴത്തോപ്പ് മണിമലയില്‍ ജോസിന്റെയും ഷെര്‍ലിയുടെയും മകല്‍ ലീജ ജോസ് ആണ് മരിച്ചത്.

നാല് വര്‍ഷമായി ദക്ഷിണ കൊറിയയില്‍ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്നു ലീജ.ഫെബ്രുവരിയില്‍ അവധിക്ക് നാട്ടില്‍ എത്തി. ഇതിനിടെ കോവിഡും ലോക്ഡൗണും ഒക്കെ വന്നതിനാല്‍ നിശ്ചയിച്ചിരുന്ന സമയം തിരികെ പോകാന്‍ സാധിച്ചില്ല.തുടര്‍ന്ന് കഴിഞ്ഞ ആറാം തീയതി കോഴ്‌സ് പൂര്‍ത്തിയാക്കാനായി ലീജ ദക്ഷിണ കൊറിയയിലേക്ക് പുറപ്പെട്ടു. സെപ്റ്റംബറില്‍ വീസ കാലാവധി അവസാനിക്കുന്നതിനാല്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിന് വേണ്ടി ആയിരുന്നു മടക്കം.

കൊറിയയില്‍ എത്തി 14 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞു. ക്വാറന്റീനില്‍ കഴിയുന്നതിനിടെ ചെവി വേദനയും പുറം വേദനയും അനുഭവപ്പെട്ടെങ്കിലും വിദഗ്ധ ചികിത്സ ലഭ്യമായില്ല.ക്വാറന്റീന്‍ അവസാനിച്ച ശേഷം ആശുപത്രിയില്‍ എത്തി ചികിത്സ നടത്തിയെങ്കിലും കുറവുണ്ടായില്ല.തുടര്‍ന്ന് നാട്ടിലേക്ക് തന്നെ തിരികെ പോരാന്‍ തീരുമാനിക്കുകയായിരുന്നു.വ്യാഴാഴ്ച വൈകുന്നേരം വിമാനത്താവളത്തില്‍ എത്തിയ ലീജ അവിടെ കുഴഞ്ഞു വീഴുകയായിരുന്നു.ഉടന്‍ തന്നെ സമീപത്തുള്ള മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണം സംഭവിച്ചിരുന്നു.മൃതശരീരം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.സഹോദരങ്ങള്‍:ലീജോ,ലീനോ.