കൈയിൽ പരിക്കില്ലാതെ പ്ലാസ്റ്ററിട്ടെങ്കിൽ മറുപടി പറയേണ്ടത് ആരോഗ്യവകുപ്പ്- കെകെ രമ

തിരുവനന്തപുരം. നിയമസഭയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ വടകര എംഎല്‍എ കെകെ രമയ്ക്ക് കൈയില്‍ പൊട്ടലുണ്ടെന്ന് പറയുന്നത് ശരിയല്ലെന്ന് എംവി ഗോവിന്ദന്‍. രമയുടെ കൈയ്ക്ക് പരിക്കില്ലെന്ന വിവരം പുറത്തുവന്നു. പൊട്ടലും പൊട്ടലില്ലാത്തതും രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. രമയുടെ കൈയ്ക്ക് പരിക്കില്ലെന്ന് സോഷ്യല്‍മീഡിയയില്‍ പ്രചരണം നടന്നിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ആരോപണത്തില്‍ ശക്തമായി പ്രതികരിച്ച് കെകെ രമയും രംഗത്തെത്തി. പൊട്ടലില്ലാതെ പ്ലാസ്റ്ററിട്ടെങ്കില്‍ മറുപടി പറയേണ്ടത് ആരോഗ്യവകുപ്പാണെന്ന് രമ പറഞ്ഞു. തന്റെ കൈയ്ക്ക പരിക്കില്ലാതെയാണ് പ്ലാസ്റ്റര്‍ ഇട്ടതെങ്കില്‍ ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കണം. തന്നെ വളഞ്ഞിട്ട് ആക്രമിച്ചുവെന്നും ഇതില്‍ ഗൂഢാലോചന ഉണ്ടോയെന്ന് സംശയിക്കുന്നതായും രമ പറഞ്ഞു.

രമയുടെതെന്ന പേരില്‍ എക്‌സ്‌റേ ദൃശ്യങ്ങളും പ്രചിച്ചിരുന്നു. അതേസമയം സ്വകാര്യ വിവരങ്ങള്‍ പുറത്ത് വിടുവാന്‍ ആശുപത്രിക്ക് അധികാരമില്ലെന്നും അസുഖമില്ലാത്ത വ്യക്തിയെ ചികിത്സിച്ചിട്ടുണ്ടെങ്കില്‍ ആശുപത്രി സംവിധാനങ്ങളുടെ വീഴ്ചയുടെ തെളിവാണെന്നും രമ പ്രതികരിച്ചു. ആക്രമണത്തില്‍ പ്രതിയായ സച്ചിന്‍ദേവ് എംഎല്‍എ അടക്കം സോഷ്യല്‍ മീഡിയയില്‍ ഇത്തരം പ്രചരണം നടത്തിയതോടെയാണ് രമ ഇക്കാര്യത്തില്‍ പ്രതികരിച്ചത്.