
കൊച്ചി. 100 മീറ്ററില്‍ കൂടുതല്‍ ടോള്‍ പ്ലാസയില്‍ വാഹനങ്ങളുടെ ക്യൂ വന്നാല്‍ ടോള്‍ വാങ്ങാതെ കടത്തിവിടണമെന്ന ദേശീയപാത അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പിരിഗണിക്കണമെന്ന് ഹൈക്കോടതി. തൃശൂര്‍ പാലിയേക്കര ടോള്‍ പാസയില്‍ തിരക്കേറി സമയങ്ങളില്‍ ഗതാഗത തടസ്സവും വാഹനങ്ങളുടെ വലിയ ക്യൂവും നീക്കം ചെയ്യുവാന്‍ എടുക്കുന്ന താമസവും ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയിലാണ് കോടതി നിര്‍ദേശം.
തടസ്സമില്ലാതെയും താമസമില്ലാതെയും ടോള്‍ പ്ലാസയിലൂടെ വാഹനങ്ങള്‍ എങ്ങനെ കടത്തി വിടാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ടോള്‍ പ്ലാസയിലെ സര്‍വീസ് ടൈം സംബന്ധിച്ച് 2021 മേയ് 24 ദേശീയ പാത അതോറിറ്റിഇറക്കിയ പോളിസി സര്‍ക്കുലറിലെ മാര്‍ഗനിര്‍ദേശം നടപ്പാക്കുവാന്‍ നിര്‍ദേശം നല്‍കണമെന്നാണ് അപ്പീലിലെ ആവശ്യം.
ടോള്‍ പ്ലാസകളില്‍ തിരക്കുള്ള സമയങ്ങളില്‍ പോലും സര്‍വീസ് സമയം 10 സെക്കന്‍ഡില്‍ കൂടുതല്‍ എടുക്കാതിരിക്കാന്‍ ടോള്‍ ബൂത്തുകളുടെയും ലെയിനുകളുടെയും എണ്ണം ഉറപ്പാക്കണമെന്നു ദേശീയ പാത അതോറിറ്റിയുടെ സര്‍ക്കുലറിലുണ്ട്. ക്യൂ 100 മീറ്ററിലേറെ ആയാല്‍ ടോള്‍ ഇല്ലാതെ വാഹനങ്ങള്‍ കടത്തിവിടണം. 100 മീറ്ററിനുള്ളില്‍ ക്യൂ എത്തുന്നതുവരെ ഇത് ചെയ്യണം. ഇതിനായി എല്ലാ ടോള്‍ ലെയിനിലും ടോള്‍ ബൂത്തില്‍ നിന്ന് 100 മീറ്റര്‍ അകലെ മഞ്ഞ വര അടയാളപ്പെടുത്തണമെന്നും നിര്‍ദേശിക്കുന്നു.