‘ആമയുടെ മേൽ സ്വർണവും പണവും വെച്ചാല്‍ ഇരട്ടിക്കും’, യുവതിയുടെ 23 പവന്‍ തട്ടിയ കാമുകനും സുഹൃത്തും അറസ്റ്റിലായി

കൊച്ചി . ആമയുടെ മേൽ പണം വെച്ചാല്‍ ഇരട്ടിക്കുമെന്നു പറഞ്ഞു പറ്റിച്ച് കാമുകിയുടെ 23 പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ കാമുകനും സുഹൃത്തും അറസ്റ്റിലായി. ഇടുക്കി ചുരുളിപതാല്‍ ആല്‍പ്പാറ മുഴയില്‍ വീട്ടില്‍ കിച്ചു ബെന്നി (23), രാജസ്ഥാന്‍ മിലാക്പൂര്‍ സ്വദേശി വിശാല്‍ മീണ (28) എന്നിവരെ എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കിച്ചുവിന്റെ കാമുകിയായ ഇടുക്കി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

എറണാകുളത്ത് ജോലി ചെയ്തു വരുന്ന യുവതിയെ പറഞ്ഞു പറ്റിച്ച് കിച്ചു ബെന്നി 23 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയാണ് ഉണ്ടായത്. യുവതിയും കിച്ചുവും പ്രണയത്തിലായിരുന്നു. സംഭവം നടക്കുന്നതിന് ഏതാനും ദിവസം മുമ്പ് വിശാല്‍ മീണക്ക് പണം ഇരട്ടിപ്പിക്കാനുള്ള കഴിവുണ്ടെന്നും സ്വര്‍ണം നല്‍കിയാല്‍ സമാനമായി അത്രയും സ്വർണം കൂടി തിരികെ തരുമെന്ന് കിച്ചു യുവതിയെ വിശ്വസിപ്പിക്കുകയായിരുന്നു.

വിശാല്‍ മീണക്ക് സ്വര്‍ണം നല്‍കുമ്പോള്‍ സൂക്ഷിക്കണമെന്ന് കാമുകനോട് യുവതി പറഞ്ഞിരുന്നെങ്കിലും, ഒന്നും വരില്ലെന്ന് കിച്ചു ഉറപ്പുനല്‍കി. ഇത് വിശ്വസിച്ചാണ് യുവതി മട്ടാഞ്ചേരിയില്‍ വെച്ച് സ്വര്‍ണം കൈമാറുകയായിരുന്നു. സ്വർണം കൈമാറിയ ശേഷം മൂവരും കാറില്‍ എറണാകുളത്തേക്ക് വരുന്നതിനിടെ സിഗരറ്റ് വാങ്ങാന്‍ കിച്ചു കാര്‍ നിര്‍ത്തി പുറത്തിറങ്ങി. ഒപ്പം യുവതിയും കടയിലേക്ക് പോയി. ഈ തക്കം നോക്കി വിശാല്‍ സ്വര്‍ണവുമായി മുങ്ങി.

യുവതി ഉടൻ തന്നെ സംഭവം സംബന്ധിച്ച് നോര്‍ത്ത് സ്റ്റേഷനിൽ പരാതി നല്‍കി. സിസിടിവി കാമറ പരിശോധിച്ച പൊലീസ് വിവിധ റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും പരിശോധന നടത്തി ഷൊര്‍ണൂരില്‍ വെച്ച് വിശാലിനെ സ്വർണമടക്കം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് കിച്ചുവിന്റെ ഒത്താശയോടെയാണ് സ്വര്‍ണം തട്ടിയെന്ന് കണ്ടെത്തുന്നത്. യുവതിയുടെ കാമുകനെയും പോലീസ് തുടർന്ന് പ്രതിചേര്‍ത്തു. കിച്ചുവിനെ കൂടി കബളിപ്പിച്ച് സ്വര്‍ണവുമായി സ്ഥലം വിടാനായിരുന്നു വിശാലിന്റെ പരിപാടി.