ഇമാമിനെ വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിച്ചു ;ബഹ്‌റൈനില്‍ നടന്നത്..

മനാമ: ബഹ്റൈനില്‍ പള്ളി ഇമാമിനെ ബംഗാളിയായ പള്ളിപരിപാലകനും സംഘവും വെട്ടിനുറുക്കി കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മുഹറഖിലെ ശൈഖ് ഈസാ മസ്ജിദിനു സമീപം സ്ഥിതി ചെയ്യുന്ന ഇബ്നുശദ്ദ മസ്ജിദിലെ ഇമാമും യമനി സ്വദേശിയുമായ അബ്ദുല്‍ ജലീല്‍ ഹമൂദിനെയാണ് ബംഗാളി സ്വദേശിയായ മുഅദ്ദിനും സംഘവും വെട്ടിക്കൊലപ്പെടുത്തി അസ്‌കറിലെ സ്‌ക്രാപ്പ് യാര്‍ഡില്‍ ഉപേക്ഷിച്ചത്.

സംഭവത്തില്‍ മുഖ്യപ്രതിയെന്ന് കരുതുന്ന 35 വയസ്സുകാരനായ ഒരു ഏഷ്യന്‍ വംശജന്‍ പിടിയിലായതായി അഭ്യന്തര മന്ത്രാലയം ടിറ്ററിലൂടെ അറിയിച്ചു. പ്രതിയുടെ പേരുവിവരങ്ങളോ കൊലപാതകത്തെ കുറിച്ചുള്ള മറ്റു വിശദാംശങ്ങളോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം കൊലപാതകത്തിനു പിന്നില്‍ ബംഗാളിയായ മുഅദ്ദിനും സംഘവുമാണെന്ന് വ്യക്തമായ സൂചന ലഭിച്ചതായി പ്രാദേശിക പത്രങ്ങളായ അല്‍ അയ്യാം, അല്‍ വത്വന്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ജോലി നഷ്ടപ്പെട്ട ബംഗാളി സ്വദേശിയായ മുഅദ്ദിനിന്റെ പ്രതികാരമാണ് കൊലപാതകത്തിന്റെ പിന്നിലെന്നാണ് അല്‍ വത്വന്‍ റിപ്പോര്‍ട്ട്. പള്ളി കേന്ദ്രീകരിച്ച് മുഅദ്ദിനിന്റെ അനധികൃത വിസ കച്ചവടം ഉള്‍പ്പെടെയുള്ളവയെ കുറിച്ച് ഇമാം ഔഖാഫില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണത്രെ ഇയാള്‍ക്ക് ജോലി നഷ്ടപ്പെട്ടത്.

രണ്ടു ദിവസം മുമ്പ് പ്രഭാത നമസ്‌കാരത്തിന് പള്ളിയിലേക്ക് പുറപ്പെട്ട ഇമാം വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലിസില്‍ പരാതിനല്‍കുകയും സോഷ്യല്‍ മീഡിയകളിലൂടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്ത് അന്വേഷണമാരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതക വിവരം പുറത്തുവരുന്നത്.